വിൽപനക്കൊരുക്കിയ നേന്ത്രക്കുലകൾ

നേന്ത്രക്കായ വില കുതിച്ചുയരുന്നു: കർണാടകത്തിൽനിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോൾ എത്തുന്നില്ല

ഇരിട്ടി: നേന്ത്രക്കായയുടെ വില അമ്പതും കടന്ന് 60ലേക്ക് കുതിക്കുന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. നേന്ത്രപ്പഴത്തിനും 65 കടന്നു. തിങ്കളാഴ്ച കൂത്തുപറമ്പിൽനിന്നും വാഹനവുമായെത്തിയ വ്യാപാരികൾ ഇരിട്ടിയിലെ വാഴകർഷകനായ പരുത്തിവേലിൽ ജോണിയിൽനിന്നും 150 കുലകളാണ് കിലോക്ക് 56 രൂപ നിരക്കിൽ കൃഷിയിടത്തിലെത്തി എടുത്തത്. വേനൽ മഴയിൽ മൂപ്പെത്താതെ തകർന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാത വിലക്ക് വില്ക്കാൻ കഴിഞ്ഞു. വയനാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാൻ കാലമായതും വിലവർധനവിനിടയാക്കി. കർണാടകത്തിൽനിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോൾ തീരെ എത്തുന്നില്ല.

വിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർധന മലയോര മേഖലയിലെ ചെറുകിട കർഷകർക്കാണ് ഏറെ ഗുണം ചെയ്യുക. ഉൽപന്നങ്ങൾ വാങ്ങാൻ കൃഷിയിടത്തിൽതന്നെ ആവശ്യക്കാർ എത്തുന്നത് ചെറുകിട, ഇടത്തരം കർഷകർക്കാണ് ഏറെ ഗുണകരമാകുന്നത്. കഴിഞ്ഞ രണ്ടുവർഷം വിലയും വിപണിയുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു കർഷകർ. കഴിഞ്ഞ വർഷം കിലോക്ക് 20 രൂപ പോലും ലഭിക്കാത്ത പ്രദേശങ്ങൾ ഉണ്ടായിരുന്നു. വേനൽമഴയിൽ ആറളം, പായം, മുഴക്കുന്ന്, കണിച്ചാർ, ഇരിട്ടി നഗരസഭ പ്രദേശങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വാഴകളാണ് നിലം പൊത്തിയത്. എല്ലാം കുലച്ചതും കുലക്കാറായതുമായ വാഴകളാണ്. ശരാശരി മൂപ്പെത്താതെ കുലകൾ കാറ്റിൽ നിലം പൊത്തുമ്പോൾ യഥാർഥ വിളവിന്റെ പകുതി പോലും കർഷകന് ലഭിക്കില്ല.

Tags:    
News Summary - Banana prices are soaring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.