ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി ചരിത്ര നേട്ടത്തിനരികിലേക്ക്. ഒരു കലണ്ടർ വർഷത്തിൽ ലക്ഷ്യമിട്ട ഉൽപാദനം മൂന്ന് മാസം കൊണ്ട് കൈവരിച്ചാണ് 50 ദശലക്ഷം യൂനിറ്റ് എന്ന നേട്ടത്തിലേക്ക് ബാരാപോൾ കുതിക്കുന്നത്.
36 ദശലക്ഷം യൂനിറ്റാണ് പദ്ധതിയിൽ നിന്നുള്ള പ്രതിവർഷ ഉൽപാദന ലക്ഷ്യം. ഇത് മൂന്ന് മാസംകൊണ്ട് കൈവരിക്കാൻ കഴിഞ്ഞതാണ് പദ്ധതിയെ മികച്ച നേട്ടത്തിലേക്ക് അടുപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഉൽപാദന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
കനാലിലെ ചോർച്ചയും തുലാവർഷത്തിൽ ഉണ്ടായ കുറവും തിരിച്ചടിയായി. കഴിഞ്ഞ വർഷം 35.07 ദശ ലക്ഷം യൂനിറ്റ് മാത്രമാണ് ആറുമാസംകൊണ്ട് ഉൽപാദിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളു.
2022ൽ 43.27 ദശലക്ഷം യൂനിറ്റും ഉൽപാദിപ്പിച്ചിരുന്നു. പദ്ധതി 2016 ൽ കമീഷൻ ചെയ്തശേഷം മികച്ച ഉൽപാദനം ഉണ്ടായത് 2021-22 കാലഘട്ടത്തിലാണ്. ഇക്കാലത്ത് 49.83 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ച് സംസ്ഥാനത്തെ മികച്ച ചെറുകിട ജലവൈദ്യുതി എന്ന ഖ്യാതി നേടാൻ പദ്ധതിക്കായി. ഇക്കുറി 50 ദശ ലക്ഷം യൂനിറ്റ് എന്ന ചരിത്രനേട്ടം കൈവരിക്കാനാകുമെന്ന വിശ്വാസത്തിലാണ് കെ.എസ്.ഇ.ബി. രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാനുള്ള വെള്ളവും ബാരാപോൾ പുഴയിലുണ്ടെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. യദുലാൽ പറഞ്ഞു.
ജൂൺ ആവസാന വാരമാണ് ഉൽപാദനം തുടങ്ങിയത്. ഇനി നാലുമാസമെങ്കിലും ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള നീരൊഴുക്ക് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററും 24 മണിക്കൂറും മിക്കദിവസങ്ങളിലും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതാണ് ഉൽപാദന ലക്ഷ്യം മൂന്നുമാസംകൊണ്ട് മറികടക്കനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.