ഇരിട്ടി: തലമുറകളുടെ ഉടയാടകൾക്ക് ഇഴപാകിയ ചന്തൂട്ടി മേസ്ത്രി ചരിത്രം തുന്നിയ സൂചിയും നൂലും ബാക്കിയാക്കി വിടവാങ്ങി. ഇരിട്ടിയുടെ ചരിത്രത്തിനൊപ്പം നടന്ന പ്രിയപ്പെട്ട മേസ്ത്രി 95ാം വയസ്സിൽ വിടപറയുമ്പോൾ ഓർമയാകുന്നത് ഒരു നാടിന്റെ സ്പന്ദനമറിഞ്ഞ നാട്ടുകാരുടെ സ്വന്തമായ തുന്നൽക്കാരനാണ്.
ഒപ്പം വന്നവരും മുമ്പേ നടന്നവരും പിറകെ വന്നവരും ജോലി ഉപേക്ഷിക്കുകയോ ജീവിതയാത്രയിൽ കാലിടറി വീഴുകയോ ചെയ്തിട്ടും തുന്നൽ പണി ഉപേക്ഷിക്കാതെ 85 വയസ്സുവരെ കർമ മേഖലയിൽ അദ്ദേഹം സജീവമായിരുന്നു.
കേരളം പിറന്ന 1956ൽ തുടങ്ങി പ്രായത്തെ വെല്ലുന്ന കരുത്തും ചരിത്രവുമായി തന്റെ ജീവിതത്തെ അടയാളപ്പെടുത്തിയാണ് തന്തോട് മുക്കട്ടിയിലെ ചന്തൂട്ടി മേസ്ത്രി എന്ന പാറക്കണ്ടി ചന്തുക്കുട്ടി ടൈലർ തിങ്കളാഴ്ച വൈകീട്ട് മരണത്തിന് കീഴടങ്ങിയത്. ഇരിട്ടിയുടെ വാണിജ്യ ചരിത്രത്തോളം പഴക്കമുണ്ട് ചന്തൂട്ടി മേസ്ത്രിയുടെ തുന്നൽ പണിക്കും. കണ്ണൂർ ചാലാട് സ്വദേശിയായ ചന്തൂട്ടി മേസ്ത്രി ചെറുപ്രായത്തിൽ തന്നെ മുക്കട്ടിയിൽ കുടിയേറുകയായിരുന്നു.
ജുബ്ബ തയ്ക്കുന്നതിൽ അപാര കഴിവായിരുന്നു മേസ്ത്രിക്ക്. നിരവധി ശിഷ്യന്മാരുമുണ്ട്. രാവിലെ അഞ്ചിന് ഉണരുന്ന ചന്തൂട്ടി മേസ്ത്രി ഏഴിന് കടയിലെത്തും. മടക്കം രാത്രി 11 നും. തുന്നൽപണിക്കിടെ സാമൂഹിക സേവനവും ഉണ്ടായിരുന്നു. ഇരിട്ടി പഴയ പാലത്തിലെ വെള്ളം ഒഴുകിപ്പോകാനുള്ള കുഴികളിൽ മണ്ണും മാലിന്യങ്ങളും നിറയുമ്പോൾ അത് നീക്കം ചെയ്ത് വെള്ളം തുറന്നുവിട്ട് ഗതാഗതം പുനഃസ്ഥാപിക്കാൻ ചന്തൂട്ടി മേസ്ത്രിയെത്തും. എത്ര കോരിച്ചൊരിയുന്ന മഴയായാലും ഈ പതിവ് അദ്ദേഹം തെറ്റിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.