ഇരിട്ടി: കൊടുംവേനലിൽ കുടിവെള്ളത്തിനായി ജനം കഷ്ടപ്പെടുമ്പോൾ ഇരിട്ടി പട്ടണത്തിന്റെ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് പഴശ്ശി കുടിവെള്ള പദ്ധതിയിലേക്കെന്ന് പരാതി. മഴവെള്ളം ഒഴുകിപ്പോകാൻ തീർത്തിരിക്കുന്ന ഓവുചാലിലൂടെയാണ് രാത്രിയും പകലും വ്യത്യാസമില്ലാതെ മാലിന്യം ഒഴുക്കിവിടുന്നത്.
ഇരിട്ടി മൃഗാശുപത്രിയുടെ പിന്നിലൂടെ ഒഴുകുന്ന ഓവുചാലിലാണ് വാണിജ്യ സ്ഥാപനങ്ങളിൽനിന്നും മറ്റുമുള്ള മലിനജലം ഒഴുക്കിവിടുന്നത്. വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഓവുചാലിലേക്ക് തുറന്നു വെച്ചിരിക്കുന്ന പൈപ്പിലൂടെയാണ് ശുദ്ധീകരിക്കാത്ത മലിനജലം ഒഴുക്കിവിടുന്നത്. ജില്ലയുടെ തന്നെ കുടിവെള്ള സ്രോതസായ പഴശ്ശിയിലും കൊടും വേനലിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് കുടിവെള്ളം മലിനമാക്കുന്ന പ്രവർത്തി തുടരുന്നത്.
അസഹ്യമായ ദുർഗന്ധമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. തുറന്ന ഓവുചാലിലൂടെ ഒഴുക്കിവിടുന്ന ജലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പലസ്ഥലങ്ങളിലും മലിന ജലം കെട്ടിക്കിടന്ന് പല സാംക്രമിക രോഗങ്ങളും പിടിപെടാൻ ഇത് കാരണമായേക്കാം. സമീപ പഞ്ചായത്തുകളിൽ എല്ലാം ഡെങ്കിപ്പനിയടക്കം റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഗുരുതരമായ ഈ അനാസ്ഥ. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ ജലം വെളിയിലേക്ക് ഒഴുക്കാൻ പാടുള്ളൂ എന്ന് നിയമം ഉണ്ടെങ്കിലും ഇവിടങ്ങളിൽ ഒന്നും വേണ്ടത്ര കാര്യക്ഷമമായ രീതിയിൽ ശുദ്ധീകരണ പ്രവൃത്തികൾ നടക്കുന്നില്ല. ഇത് തെളിയിക്കുന്ന രീതിയിലാണ് ഓവുചാലിലൂടെ മലിനജലം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുക്കിവിടുന്നത്. ഇതിനെതിരെ നഗരസഭ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.