ഇരിട്ടി: കോവിഡ് നിയന്ത്രണങ്ങളിൽ കർണാടക അയയുന്നില്ല. അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നവരുെട ദുരിതങ്ങൾ ഒഴിയുന്നുമില്ല. മാക്കൂട്ടം അതിർത്തിവഴി കുടകിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരവസ്ഥയും തുടരുകയാണ്. കേരളവുമായി അതിർത്തിപങ്കിടുന്ന കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രങ്ങൾ യാത്രക്കാർക്ക് ഉണ്ടാക്കിയ തീരാദുരിതങ്ങൾ തുടരുകയാണ്. ശനി, ഞായർ ദിവസത്തെ ലോക്ഡൗണിന് പിന്നാലെ തിങ്കളാഴ്ച അതിർത്തിയിൽ ഏർപ്പെടുത്തിയ കടുത്ത പരിശോധന കാരണം 10 മണിക്കൂറിലധികം യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും ചുരംപാതയിൽ കാത്തുകിടക്കേണ്ടി വന്നു.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുള്ള നിരോധനം തുടരവെ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് ആർ.ടി.പി.സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുള്ളവർക്കും മണിക്കൂറുകൾ ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവ് കാത്ത് കഴിയേണ്ടിവന്നു. തിങ്കളാഴ്ച പുലർച്ച നാലുമണിക്ക് എത്തിയവർ പോലും മാക്കൂട്ടത്തെ പരിശോധന കഴിഞ്ഞ് അതിർത്തി കടക്കുമ്പോൾ ഉച്ചക്ക് പന്ത്രണ്ട് മണിയോടടുത്തു. ചെക്ക്പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പിെൻറ പരിശോധന ഇഴഞ്ഞുനീങ്ങിയതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽനിന്ന് കൂട്ടുപുഴ പാലവും കഴിഞ്ഞ് കച്ചേരിക്കടവ് പാലത്തിനപ്പുറം കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരതന്നെ പ്രത്യക്ഷപ്പെട്ടു.
വീരാജ്പേട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിട്ടതോടെ, കൂട്ടുപുഴ പാലത്തിന് സമീപം കൂടി പേരട്ട, മട്ടിണി, കോളിത്തട്ട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ദുരിതത്തിലായി. നാട്ടുകാരും പൊലീസും ഇടപെട്ട് വാഹനങ്ങൾ ഒരുവശത്ത് മാത്രം പാർക്ക് ചെയ്യാവുന്ന നിലയിലാക്കി.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം എത്തിയ യാത്രക്കാരാണ് ഏറെ കഷ്ടത്തിലായത്. പ്രഭാതഭക്ഷണമോ വെള്ളമോ കിട്ടാതെ ഏറെ പേരും വലഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി പെൺകുട്ടികളും സ്ത്രീകളും അനുഭവിച്ച പ്രയാസം ഏറെയായിരുന്നു. സമീപത്തൊന്നും വീടുകളോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.യാത്രക്കാരിൽ ഭൂരിഭാഗവും കുടക് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ അറിയാതെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തി മടങ്ങി. ഇവരിൽ പലരുടെയും ടെസ്റ്റ് കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ടെസ്റ്റ് നടത്തിയാണ് എത്തിയത്. വിവിധ പരീക്ഷക്ക് പോകേണ്ടവരും ബംഗളൂരു വിമാനത്തവളത്തിൽനിന്നും 24 മണിക്കൂറിനുള്ളിൽ വിദേശത്ത് പോകേണ്ടവരും എല്ലാം ഇതിൽ ഉണ്ടായിരുന്നു. ചെക്ക്പോസ്റ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി നിയോഗിച്ച ജീവനക്കാരുടെ എണ്ണം കുറച്ചതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.