ഇരിട്ടി: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തിക്കടുത്ത് പനക്കരയിൽ താമസിക്കുന്ന വെട്ടുതുരുത്തേൽ ബാബുവും ആറുപേരും സ്വപ്നതുല്യമായ പ്രവർത്തനത്തിലൂടെ വരുമാന മാർഗം കണ്ടെത്തുകയാണ്. ഭിന്നശേഷിക്കാരായ ഇവർ നാടിന് മാതൃകയാണ്. പല സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാരായി മാറിയവരാണിവർ. വിധി ഇവരെ തോൽപിച്ചെങ്കിലും ജീവിതവഴിയിൽ തോൽക്കാൻ മനസ്സില്ലെന്ന് ബാബുവിനോടൊപ്പം മോഹനനും ആൻറണിയും സജിയും റെജീനയും മിനിയും ഷിജിയും പറയുന്നു.
ലൈഫ് ഭിന്നശേഷി യൂനിറ്റ് രൂപവത്കരിച്ച് സ്വപ്ന തുല്യമായ ജീവിതം കരുപ്പിടിപ്പിക്കുകയാണിവർ. ശരീരം മാത്രമേ ഭിന്നമായിട്ടുള്ളൂ, മനസ്സ് ഭിന്നശേഷിയെ ആട്ടിപ്പായിക്കുന്നുവെന്ന് ഇവരുടെ പ്രവൃത്തികണ്ടാൽ അറിയാം. വർണാഭമായ കുടകളും പേപ്പർ പേനകളും നോട്ട് പാഡുകളും ലോഷനുകളും നിർമിച്ചാണ് ഇവർ വരുമാന മാർഗം കണ്ടെത്തുന്നത്. യൂനിറ്റിന് ആസ്ഥാനമില്ലെങ്കിലും അവരവരുടെ വീടുകളാണ് ഇപ്പോൾ നിർമാണശാല. നിർമാണം പൂർത്തിയായാൽ ഒരിടത്തെത്തിച്ച് വിപണിയിലേക്ക് കൊണ്ടുപോകും. ആവശ്യമായ വസ്തുക്കൾ കോഴിക്കോടുനിന്ന് വരുത്തിയാണ് നിർമാണം പൂർത്തിയാക്കുന്നത്.
പ്രധാനമായും കുടകളാണ് നിർമിക്കുന്നത്. ചെങ്കളായി നെല്ലിക്കുന്ന് പ്രവർത്തിക്കുന്ന സമിരിറ്റി പെയിൻ ആൻഡ് പാലിയേറ്റിവ് ഡയറക്ടർ ഫാ. ബിനു പൈമ്പള്ളിയാണ് ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നതെന്ന് യൂനിറ്റിന് നേതൃത്വം നൽകുന്ന ബാബു പറയുന്നു. പ്രമുഖ കമ്പനികൾ പരസ്യത്തിലൂടെ വിപണി കണ്ടെത്തുമ്പോൾ ഇവർക്ക് നാട്ടുകാരോട് പറയാനുള്ളത് ഇത്രമാത്രം: ഇത് തങ്ങളുടെ ജീവിതമാണ്. കുട ഒന്നിന് 350 രൂപക്കാണ് വിൽക്കുന്നത്.
നിർമാണ ചെലവ് കഴിഞ്ഞാൽ ചെറിയ തുക മിച്ചം കിട്ടും. ഇത് മുഴുവൻ ഇവർ എടുക്കുന്നുമില്ല. നിശ്ചിത തുക കൂലിയിനത്തിൽ ഏഴുപേരും എടുത്തതിന് ശേഷം ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് സമൂഹത്തിന് മാതൃക കൂടിയാവുകയാണിവർ. കോവിഡ് പശ്ചാത്തലത്തിൽ, ഉൽപാദിപ്പിക്കുന്ന കുടകളും മറ്റും വിറ്റഴിക്കാൻ കഴിയുന്നില്ലെന്ന ദുഃഖം ഉള്ളിലുണ്ട്. സുമനസ്സുകൾ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഒരോ ജീവിതമാണ് തളിർക്കുന്നതെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.