ഇരിട്ടി: ആറളം വില്ലേജിൽ നടന്നുവന്നിരുന്ന ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാകുന്നു. സർവേ നടത്തുന്ന സ്ഥലത്തുവെച്ചു തന്നെ കൈവശക്കാർക്ക് സ്ഥലത്തിന്റെ വിസ്തീർണം ബോധ്യപ്പെടുത്തിയാണ് സർവേ നടപടികൾ പൂർത്തീകരിക്കുന്നത്. സർവേ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ സർവേ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കാനാണ് ഡിജിറ്റൽ സർവേ വിഭാഗം ശ്രമിക്കുന്നത്. കരട് വിജ്ഞാപനം വരുന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ രേഖകൾ പരിശോധിച്ച ശേഷം ഉടമകൾക്ക് ക്യാമ്പ് ഓഫിസിൽ നേരിട്ട് പരാതി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരാതി പരിഹരിക്കുകയാണ് നടപടി ക്രമം.
വില്ലേജിൽ നടന്ന സർവേ കുറ്റമറ്റതാക്കാൻ കരട് വിജ്ഞാപനം (9/2) നോട്ടിഫിക്കേഷൻ പ്രസദ്ധീകരിച്ച ശേഷം ഒരു മാസത്തിനുള്ളിൽ സ്ഥലം ഉടമകൾക്ക് രേഖകൾ പരിശോധിച്ചു് പരാതി സമർപ്പിക്കാം. സർവേയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ പരിഹരിച്ചതിന് ശേഷം സർവേയുടെ അടുത്ത നടപടി ക്രമമായ സെഷൻ 13 അനുസരിച്ചുള്ള വിജ്ഞാപനം (വില്ലേജിലെ അതിർത്തി നിർണയം പൂർത്തിയായി എന്നുള്ള നോട്ടിഫിക്കേഷൻ) പുറപ്പെടുവിക്കും.
സെക്ഷൻ 13 അനുസരിച്ചുള്ള വിജ്ഞാപനത്തിന് ശേഷം ലഭിക്കുന്ന പരാതികൾ സങ്കീർണങ്ങളായ നിയമക്കുരുക്കിനും കാലതാമസത്തിനും കാരണമാകും. ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാകുന്ന ആറളം വില്ലേജിലെ കൈവശക്കാർ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന കരട് വിജ്ഞാപനം പരിശോധിച്ച് പരാതികൾ ഉണ്ടെങ്കിൽ കൃത്യ സമയത്തുതന്നെ റെക്കോഡുകൾ കുറ്റമറ്റതെന്ന് ഉറപ്പു വരുത്തണം. ആറളം വില്ലേജിലെ സർവേ ജോലിക്ക് നേതൃത്വം കൊടുത്തത് ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻദേവ്, അസി.ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് തളിപ്പറമ്പ് റീ സർവേ സൂപ്രണ്ട് എം. രാജൻ, ഹെഡ് സർവേയർ കെ. ഗംഗാധരൻ എന്നിവരാണ്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷിന്റെ ഇടപെടലും, പഞ്ചായത്ത് മെംബർമാരുടെ സഹകരണവും സർവേ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചു. ഓരോ വാർഡിലും സർവേ ആവശ്യങ്ങൾക്കായി ചുരുങ്ങിയത് രണ്ടു ഗ്രാമസഭകൾ വിളിച്ചു ചേർത്ത് പഞ്ചായത്ത് മെംബർമാരുടെ സഹകരണവും സർവേ സമയബന്ധിതമായി കഴിവതും കുറ്റമറ്റതായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് സർവേ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ആറളം വില്ലേജിൽ ഭൂമിയുടെ ന്യായ വില സംബന്ധിച്ചുള്ള പരാതികൾ നിരവധിയാണ്. ആയിരക്കണക്കിനു ഏക്കറുകൾ വരുന്ന സർവേ നമ്പറുകളിൽ നിലവിലുള്ള വിൽപന വിലയുടെ ഏതാണ്ട് നാലിരട്ടി വരെ ന്യായവില കണക്കാക്കിയാണ് ഇപ്പോൾ സ്ഥലം രജിസ്ട്രേഷൻ നടക്കുന്നത് . ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷിന്റെ നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകിയിരുന്നു. സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ ന്യായവില സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.