ഇരിട്ടി: പ്രളയക്കെടുതികളിലും പുഴയപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് അഗ്നിരക്ഷ സേനയുടെ കീഴിൽ രൂപവത്കരിച്ച ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം ആരംഭിച്ചു. ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയത്തിലാണ് പരിശീലനം. ഇരിട്ടി അഗ്നിരക്ഷനിലയം പരിശീലനം നൽകുന്ന രണ്ടാമത് സിവിൽ ഡിഫൻസ് ബാച്ചാണിത്.
ശനിയും ഞായറുമായാണ് പരിശീലനം നൽകുന്നത്. ജല അപകടങ്ങൾ കൂടിവരുകയും പ്രളയ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അഗ്നിരക്ഷ നിലയങ്ങൾക്ക് കീഴിൽ ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം നൽകുന്നത്. വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്ന കാറ്റുനിറച്ച ഡിങ്കികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് ഉപയോഗിക്കുന്നത്.
ഇരിട്ടിക്ക് ലഭിച്ച രണ്ട് ഡിങ്കികളിലായി ഒരേ സമയം പതിനഞ്ചോളം പേർക്ക് പരിശീലനം നൽകാൻ സാധിക്കും. ഇതിൽ ഒന്നിൽ മോട്ടോർ ഘടിപ്പിച്ചും മറ്റൊന്ന് തുഴ ഉപയോഗിച്ചുമാണ് പരിശീലനം. ഇരിട്ടി സ്റ്റേഷൻ ഓഫിസർ കെ. രാജീവന്റെ നേതൃത്വത്തിൽ മികച്ച പരിശീലകരായ എൻ.ജി. അശോകൻ, പി.ആർ. സന്ദീപ് എന്നിവരാണ് പരിശീലനം നൽകുന്നത്. യുവതികൾ അടക്കമുള്ളവരും രണ്ടുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.