ഇരിട്ടി: ജില്ലയിലെ 90 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളം നൽകുന്ന പദ്ധതിയായി പഴശ്ശി പദ്ധതി മാറുന്നു. നിലവിലുള്ള ഏഴ് കുടിവെള്ള പദ്ധതിക്ക് പുറമെ രണ്ട് വലിയ കുടിവെള്ള പദ്ധതി കൂടി പദ്ധതി പ്രദേശത്ത് പൂർത്തിയായിവരുന്നു.
12 പഞ്ചായത്തുകളിലെ 70,000 ഓളം കുടുംബങ്ങൾക്കാണ് പുതിയ പദ്ധതിയിലുടെ പഴശ്ശിയിൽനിന്ന് കുടിവെള്ളമെത്തുക. ഇതിനായി പടിയൂർ പഞ്ചായത്തിലെ പൂവ്വത്തും ഇരിട്ടി നഗരസഭയിലെ എടക്കാനത്തുമാണ് രണ്ട് പദ്ധതികൾ പൂർത്തിയായി വരുന്നത്. ഈ മാസം അവസാനത്തോടെ പുഴയിൽ നിർമിക്കുന്ന രണ്ട് കിണറുകളുടെയും നിർമാണം പൂർത്തിയാകും.
രണ്ട് പദ്ധതികൾകൂടി കമീഷൻ ചെയ്യുന്നതോടെ പ്രതിദിനം പഴശ്ശിയിൽനിന്ന് 200 ദശലക്ഷം ലിറ്റർ വെള്ളം പദ്ധതിയിൽ നിന്നും കുടിവെളളത്തിനായി പമ്പ് ചെയ്യും. എടക്കാനം പമ്പിങ് സ്റ്റേഷനിൽനിന്നും തൃപ്പങ്ങോട്ടൂർ, കുന്നോത്ത് പറമ്പ്, ന്യൂമാഹി, ചൊക്ലി, മാങ്ങാട്ടിടം പഞ്ചായത്തുകളിലെ 30000ത്തോളം കുടുംബങ്ങൾക്ക് പൈപ്പ് വഴി പഴശ്ശിയിലെ വെള്ളമെത്തും.
എടക്കാനം ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ചാണ് ഇവിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. പൈപ്പ് ലൈനിന്റെയും ടാങ്കുകളുടെയും നിർമാണവും ആരംഭിച്ചു. പടിയൂർ പൂവ്വത്തെ പമ്പിങ് സ്റ്റേഷനിൽ നിന്നും ഏഴ് പഞ്ചായത്തുകളിലേക്കാണ് വെള്ളം നൽകുന്നത്.
ആലക്കോട്, പയ്യാവൂർ, നടുവിൽ, ഉദയഗിരി, ചെറുപുഴ, പെരിങ്ങോം വയക്കര, ഏരുവേശി പഞ്ചായത്തുകളിലെ 40,000 ൽ അധികം കുടുംബങ്ങൾക്കും പഴശ്ശിയിലെ വെള്ളം എത്തും. 35 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇതിനായി ദിനംപ്രതി പഴശ്ശിയിൽനിന്നും പമ്പ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.