ഇരിട്ടി: മലയോരത്ത് വരൾച്ച രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയാണ് ബാരാപോൾ, കക്കുവ പുഴകളുടെ അവസ്ഥ. വെള്ളം സമൃദ്ധിയായി കുത്തിയൊഴുകിയ ഇരു പുഴകളും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. രണ്ടു മാസം മുമ്പ് വരെ നന്നായി വെള്ളമുണ്ടായിരുന്ന ഇരു പുഴകളിലൂടേയും ഇപ്പോൾ പാദം നനയാതെ മറുകര കടക്കാമെന്ന അവസ്ഥയാണ്. മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നതിന്റെ അടയാളം കൂടിയാണ് ഇരു പുഴകളിലേയും കാഴ്ച. കുടക് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ബാരാപോൾ പുഴയും ആറളം വനത്തിൽ നിന്നും ഉത്ഭവിച്ച് ആറളം ഫാമിനെയും സമീപ ഗ്രാമങ്ങളെയും ജലസമൃദ്ധമാക്കി ബാവലി പുഴവഴി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന കക്കുവ പുഴയും മേഖലയിൽ വരൾച്ചയെ പ്രതിരോധിക്കുന്ന പ്രധാന ജലസ്രോതസ്സായിരുന്നു.
കക്കുവ പുഴ ഇപ്പോൾ തന്നെ കണ്ണീർ ചാലുപോലെയായി. ഒരാഴ്ച പിന്നിടുന്നതോടെ ഇതും ഇല്ലാതാകുമെന്ന ആശങ്കയിലാണ് പുഴയോര വാസികൾ. മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു നീരൊഴുക്ക് നന്നായി കുറയുക. കക്കുവ പുഴ വറ്റുന്നതോടെ ആദിവാസികൾ താമസിക്കുന്ന ആറളം ആദിവാസി പുനഃരധിവാസമേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങും. ആറളം ഫാം, വിയറ്റ്നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളിൽ ജലനിരപ്പും ഉണ്ടായിരുന്നത്. പുഴയിലെ വെള്ളം വറ്റിയതോടെ കിണറുകളിലെ വെള്ളവും വറ്റി തുടങ്ങി. പുഴയിൽ തടയണ നിർമിച്ച് വെള്ളം കെട്ടി നിർത്തി മുൻകാലങ്ങളിൽ ഒരു പരിധിവരെ വരൾച്ചയുടെ ആക്കം കുറക്കാനുള്ള ശ്രമം നടത്തിയിരുന്നു.
എന്നാൽ, ഇക്കുറി പല സ്ഥലങ്ങളിലും തടയണ നിർമാണം ആരംഭിച്ചിട്ടുപോലുമില്ല. പുഴയിലെ നീരൊഴുക്ക് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരുടെ പച്ചക്കറി, വാഴകൃഷികളും കടുത്ത വരൾച്ചയിൽ കരിഞ്ഞുണങ്ങുകയാണ്. വനത്തിനുള്ളിലെ നീർച്ചാലുകൾ ഇല്ലാതായതാണ് വരൾച്ച രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വനത്തിനുള്ളിലെ നിരവധി ചെറു നീരുറവകളിൽ നിന്നും കനിഞ്ഞിറങ്ങുന്ന വെള്ളമാണ് ഇരു പുഴകളെയും ജലസമൃദ്ധമാക്കിയിരുന്നത്. പുഴയിലേക്ക് കല്ലും മണ്ണും വീണ് പുഴയുടെ ആഴം കുറഞ്ഞതും വരൾച്ചക്ക് കാരണമായതായി അവർ പറയുന്നു. മുൻകാലങ്ങളിലൊന്നും ഇങ്ങനെയൊരു വരൾച്ച ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.