ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, മുടിക്കയം ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വൻ കൃഷിനാശം. ജനവാസ മേഖലയിൽ കഴിഞ്ഞ രാത്രി പത്തോളം ആനകളാണ് എത്തിയത്. ബാരാപോൾ പുഴയോരത്തോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ആനക്കൂട്ടത്തിന്റെ വിളയാട്ടം. ബിജു നരിമറ്റത്തിന്റെ വീട്ടുപറമ്പിലെ നൂറോളം കവുങ്ങ് ആനക്കൂട്ടം പിഴുതിട്ടു.
രണ്ടുവർഷം മുതൽ അഞ്ചുവർഷം പ്രായമായ കവുങ്ങുകളാണ് വ്യാപകമായി നശിപ്പിച്ചത്. വേനൽക്കാലത്ത് വെള്ളം നനച്ച് സംരക്ഷിച്ചവയായിരുന്നു ഇവ. ജലസേചന സൗകര്യത്തിനുള്ള പൈപ്പുകളും വ്യാപകമായി നശിപ്പിച്ചു. രണ്ട് ഏക്കറോളം വരുന്ന പറമ്പ് ചവിട്ടിമെതിച്ച നിലയിലാണ്. നിരവധി ഇടങ്ങളിൽ ആനപിണ്ഡവും ഉണ്ട്. പ്രദേശത്തെ ജോർജ് പുതുപ്പറമ്പിൽ, പുളിക്കൽ അബ്രഹാം, പ്രിൻസി വെട്ടിക്കാട്ടിൽ എന്നിവരുടെ കൃഷിയിടങ്ങൾക്കും നാശം വരുത്തി. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. പ്രദേശത്തെ കശുമാവിൻ ചുവട്ടിൽ അഞ്ചുവയസ് പ്രായം തോന്നിക്കുന്ന കൊമ്പൻ ചെരിഞ്ഞിരുന്നു. ഇതിനോട് അടുത്ത പ്രദേശത്താണ് വീണ്ടും ആനക്കൂട്ടം എത്തിയത്. കഴിഞ്ഞദിവസം മാക്കൂട്ടത്ത് പതിനഞ്ചോളം ആനകൾ റോഡ് മുറിച്ചുകടന്ന് വനമേഖലയിലേക്ക് പ്രവേശിച്ചിരുന്നു. സംസ്ഥാനതിർത്തിയിൽനിന്ന് രണ്ട് കി.മീറ്റർ അകലെയുള്ള മേഖലയിലാണ് ആനക്കൂട്ടത്തെ കണ്ടെത്തിയത്. ഈ ആനകൾ തിരിച്ച് ബാരാപോൾ പുഴകടന്ന് ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങിയെന്നാണ് കരുതുന്നത്. മേഖലയിൽ ആനപ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽനിന്ന് കാട്ടാനകൾ നേരെ പുഴകടന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം, പാലത്തുംക്കടവ്, കച്ചേരിക്കടവ്, ബാരാപ്പുഴ ഭാഗങ്ങളിൽ എത്തുകയാണ്. കാട്ടാന ശല്യം കാരണം രാത്രി പുറത്തിറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്. കച്ചേരിക്കടവ് ഇടവക വികാരി മാത്യുപൊട്ടംപ്ലാക്കൽ, വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം, വനംവകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ആറളം ഫാമിൽനിന്ന് തുരത്തിയ കാട്ടാനകൾ ഉൾപ്പെടെ ഇപ്പോൾ കച്ചേരിക്കടവ്, പാലത്തുംകടവ് മേഖലയിലെ മലമുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മേഖലയിൽ 22ഓളം ആനകൾ ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ഈ മേഖലയിലെകൃഷി ഭൂമി പലരും ഉപേക്ഷിച്ച് മല ഇറങ്ങുകയാണ്. കൃഷി നാശം ഉണ്ടായവർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.