ഇരിട്ടി: കാട്ടാന ആക്രമണത്തിൽ പെരിങ്കരിയിലെ ജസ്റ്റിൻ കൊല്ലപ്പെട്ടതിലും വന്യമൃഗശല്യം തടയുന്നതിൽ വനം വകുപ്പ് തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ചും ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് ഓഫിസിന് മുന്നിൽ പ്രതിഷേധ പരമ്പര. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത വകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ജസ്റ്റിെൻറ സംസ്കാര ചടങ്ങ് പെരിങ്കരിയിൽ നടക്കുന്ന സമയം യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ നിന്ന് പ്രവർത്തകർ പ്രതിഷേധ മാർച്ചായി ആറളം വൈൽഡ് ലൈഫ് വാർഡൻ കാര്യാലയത്തിന് മുന്നിലെത്തി. ഓഫിസിന് മുന്നിൽ ബാരിക്കേഡ് തീർത്താണ് ഇവരെ പൊലീസ് തടഞ്ഞത്. പ്രവർത്തകർ ഏറെനേരം ബാരിക്കേഡ് തള്ളിമാറ്റി ഓഫിസിനകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ െപാലീസ് ശക്തമായി ചെറുത്തു. സമരം അവസാനിപ്പിച്ചശേഷവും പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം നടത്തിയെങ്കിലും പൊലീസും നേതാക്കളും ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.
അൽപസമയം ഇരിട്ടി -കൂട്ടുപുഴ അന്തർ സംസ്ഥാന പാത ഉപരോധിച്ചാണ് പ്രവർത്തകർ പ്രകടനമായി പിരിഞ്ഞുപോയത്. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ അലംഭാവത്തില്‍ പ്രതിഷേധം
ഇരിട്ടി: കാട്ടാനയുടെ കുത്തേറ്റ് പെരിങ്കരിയിലെ ജസ്റ്റിന് മരിക്കാനിടയായ സംഭവത്തില്‍ തലശ്ശേരി സോഷ്യല്‍ സര്‍വിസ് സൊസൈറ്റി എടൂര്‍ മേഖല കമ്മിറ്റി അനുശോചിച്ചു. മണ്ണില്‍ കഠിനാധ്വാനം ചെയ്ത് നാടിനെ സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന കര്‍ഷക മക്കളുടെ ജീവന് വന്യമൃഗങ്ങള്‍ക്ക് ഇരയായി തീരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. മരിച്ച ജസ്റ്റിെൻറ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കൊടുക്കണമെന്നും മക്കളുടെ തുടര്‍വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റീജനല്‍ ഡയറക്ടര്‍ ഫാ. ജെയ്സ് കുരിശുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിെൻറ കുടുംബത്തിന് അടിയന്തരമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഭാര്യയുടെ ആശുപത്രി ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ബിജു സി. മാണി അധ്യക്ഷത വഹിച്ചു.
ആശ്രിതർക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും സ്ഥിരം ജോലിയും നൽകണമെന്ന് ഇരിട്ടി എസ്.എൻ.ഡി.പി യൂനിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഇരിട്ടിയിലും പരിസരപ്രദേശങ്ങളിലുമായി കാട്ടാന ആക്രമണത്തിൽ ഒമ്പതുപേരും കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു വനിതയുമടക്കം 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മുമ്പ് കൊല്ലപ്പെട്ട മുഴുവൻ പേരുടെയും ആശ്രിതർക്ക് ഉടൻ സർക്കാർ ജോലി നൽകണമെന്നും ഭാരവാഹികളായ പി.എൻ. ബാബു, കെ.വി. അജി, എം.ആർ. ഷാജി, കെ.കെ. സോമൻ, കെ.എം. രാജൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.