ഇരിട്ടി: ഏറെക്കാകാലത്തെ മുറവിളിക്കുശേഷം ഇരിട്ടി താലൂക്കാശുപത്രിയിൽ അനുവദിച്ച പ്രസവവാർഡ് ശാപമോക്ഷം കാത്ത് കഴിയുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ബ്ലോക്ക് ഇതിനായി നിർമിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ രണ്ടരമാസം മുമ്പ് ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി താലൂക്കാശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശനം നടത്തിയിരുന്നു. സൗകര്യങ്ങളെല്ലാം നോക്കിക്കണ്ട മന്ത്രി മാതൃ- ശിശു വാർഡ് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് ഉറപ്പും നൽകി. എന്നാൽ, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപ ചെലവിൽ ആറുവർഷം മുമ്പ് ഉദ്ഘാടനം നടത്തിയ കെട്ടിടം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷവെച്ച് ആശുപത്രി അധികൃതർ നൽകിയ വലിയ അപേക്ഷയും ഡി.എം.ഒ ഓഫിസിൽ പൊടിപിടിച്ച് കിടക്കുന്നുണ്ട്. അനസ്തെറ്റിസ്റ്റ് തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലാണ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിപ്പിക്കാൻ കഴിയാതിരിക്കുന്നത്.
നിലവിൽ താൽക്കാലിക നിയമനം നടത്താൻ ജില്ലതലത്തിൽ ക്രമീകരണം ഉണ്ടാക്കാൻ പറ്റുമോയെന്ന് പരിശോധിക്കാൻ മന്ത്രി കൂടെയുണ്ടായിരുന്ന ഹെൽത്ത് ഡയറക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്കാശുപത്രി നൽകിയ അപേക്ഷയിൽ രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
2017 ആഗസ്റ്റ് 28ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് മാതൃ ശിശുവാർഡ് ഉദ്ഘാടനം ചെയ്തത്. ആറുമാസത്തിനുള്ളിൽ പ്രസവ ചികിത്സ ആശുപത്രിയിൽ യാഥാർഥ്യമാവുമെന്നായിരുന്നു മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പ്രസവ ശസ്ത്രക്രിയ വിഭാഗത്തിനായി വാങ്ങിയ ലക്ഷങ്ങളുടെ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കാത്തതിനാൽ തുരുമ്പെടുത്തും പൊടിയും മാറാലയും പിടിച്ച് നശിക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാകുന്നുണ്ട്. പ്രസവ ചികിത്സ വിഭാഗം ആരംഭിക്കുമ്പോൾ രണ്ട് ഡോക്ടറുടെ സേവനം കൂടി ഉറപ്പു വരുത്തണം.
കൂടാതെ കുട്ടികളുടെ വിഭാഗവും ആരംഭിക്കണം. ഇതിനുള്ള ശ്രമങ്ങളും ഫലം കാണുന്നില്ല. ആശുപത്രിയുടെ ഒ.പി വാർഡിന്റെ ഒന്നാം നിലയിലാണ് മാതൃശിശു വാർഡിനായുള്ള സൗകര്യം ഒരുക്കിയത്. ഇവിടേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. ദിനംപ്രതി 300നും 500നും ഇടയിൽ രോഗികൾ എത്തുന്ന ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.