ഇരിട്ടി: തണ്ടർബോൾട്ടും മാവോവാദികളും നേർക്കുനേർ വെടിവെപ്പുണ്ടായ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിലെ വനത്തിനുള്ളിൽ നാലാംനാളും ദൗത്യസംഘത്തിന്റെ നേതൃത്വത്തിലുള്ള പഴുതടച്ച പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
വെടിവെപ്പിനെ തുടർന്ന് ഉരുപ്പുംകുറ്റി കവലയിൽ ഉൾപ്പെടെ അയ്യൻകുന്ന് മേഖലയിലെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചെറുറോഡുകൾ ഉൾപ്പെടെ പൊലീസ് സായുധ സേനയുടെ വലയത്തിലാണ്.
എങ്കിലും വ്യാഴാഴ്ച മുതൽ കർശന വാഹന പരിശോധനക്ക് അയവ് വന്നിട്ടുണ്ട്. വെടിവെപ്പിൽ പരിക്കേറ്റ മാവോവാദികൾ ഉൾപ്പെടെയുള്ള സംഘാംഗങ്ങൾ ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ കർണാടക വനമേഖലകളിലേക്ക് പിൻമാറിയിട്ടുണ്ടെന്ന നിഗമനത്തിൽ പരിശോധന ബ്രഹ്മഗിരി വനമേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കർണാടക ആൻറി നക്സൽ സ്ക്വാഡ്, കർണാടക പൊലീസിലെ കമാൻഡോകളും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഐ.ബിയും തിരച്ചിലിൽ പങ്കാളികളായി. വെടിവെപ്പു നടന്ന വനത്തിനുള്ളിലും ഞെട്ടിത്തോട് മേഖലയിലും ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസമെത്തിയിരുന്നു. പരിക്കേറ്റ മാവോവാദിയുടേതെന്ന് കരുതുന്ന രക്തസാമ്പിൾ പരിശോധനക്കായി എടുത്തിട്ടുണ്ട്.
കേരള പൊലീസിലെ കമാൻഡോകളും വ്യാഴാഴ്ച മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നു. ഞെട്ടിത്തോട് മലനിരകളിലെ വനത്തിനുള്ളിലെ മാവോവാദികൾ താവളമാക്കിയ ക്യാമ്പ് ഷെഡിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മൊബൈൽ ഫോൺ എന്നിവയിലെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സൈബർ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വയനാട്, മാക്കൂട്ടം, കുടക് ഭാഗങ്ങളിലേക്കുള്ള വനപാതകളും പോക്കറ്റ് റോഡുകളും ഉൾപ്പെടെ നിരീക്ഷണത്തിലാണ്.
ആദിവാസി പുനരധിവാസ മേഖലയുൾപ്പെടുന്ന ആറളം ഫാമും സമീപ പ്രദേശങ്ങളും കനത്ത പൊലീസ് നിരീക്ഷണത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.