ഇരിട്ടി (കണ്ണൂർ): ഇരിട്ടി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ ചടങ്ങുകൾ ഒന്നും ഇല്ലാതെയാണ് തിങ്കളാഴ്ച 11ന് പാലം ഗതാഗതത്തിന് തുറന്നുനൽകിയത്. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരംസമിതി അധ്യക്ഷ പി.കെ. ബൽക്കീസ്, നഗരസഭ ടൗൺ കൗൺസിലർ വി.പി. അബ്ദുൽ റഷീദ്, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് കുഞ്ഞിക്കണ്ടി, കെ. ശ്രീധരൻ, തോമസ് വർഗീസ്, പി.പി. അശോകൻ, ബാബുരാജ് പായം, അജയൻ പായം, പി. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വ്യാപാരികളും നൂറുകണക്കിന് നാട്ടുകാരും വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. 2017ൽ ആരംഭിച്ച പാലം പണിയാണ് ഇപ്പോൾ പൂർത്തിയായത്.
144 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള ഇരിട്ടി പാലം 48 മീറ്ററിെൻറ മൂന്നു സ്പാനുകളിലാണ് നിർമിച്ചത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായാണ് ഇരിട്ടി പുഴക്ക് കുറുകെ പുതിയ പാലം യാഥാർഥ്യമായത്. 2017 ആഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ നേരത്തെ നിർമിച്ച പൈൽ ഒഴുകിപ്പോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയും സൃഷ്ടിച്ചു. തുടർന്ന് രാജ്യത്തെ നാലു പ്രമുഖ പാലം നിർമാണ വിദഗ്ധർ സന്ദർശിച്ച് പൈലുകളുടെ ആഴവും എണ്ണവും വർധിപ്പിച്ചാണ് പണി നടത്തിയത്.
ഇരിട്ടി ഉൾപ്പെടെ ഏഴു പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി- വളവുപാറ റോഡ് നവീകരിക്കുന്നത്. റോഡ് പണി പൂർത്തിയായി. കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങൾകൂടി പൂർത്തിയാവാനുണ്ട്. ഇരിട്ടി പുതിയ പാലത്തിൽ നടവഴി പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. രാത്രിയിൽ വെളിച്ചം ഉറപ്പാക്കുന്നതിനായി 18 സോളാർ വഴിവിളക്കുകളും സ്ഥാപിച്ചു. പായം പഞ്ചായത്ത് കരയിൽ മൂന്ന് റോഡുകൾ ചേരുന്ന ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനവും ഏർപ്പെടുത്തി.
കെ.എസ്ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷീല ചോറൻ, അസി. എൻജിനീയർ കെ.വി. സതീശൻ, കൺസൽട്ടൻസി കമ്പിനി റസിഡൻറ് എൻജിനീയർ ഇൻ ചാർജ് പി.കെ. ജോയി, ബ്രിഡ്ജസ് എൻജിനീയർ കെ.കെ. രാജേഷ്, ഇ.കെ.കെ കമ്പിനി എം.ഡി സചിൻ മുഹമ്മദ്, പ്രോജക്ട് മാനേജർ സുരേഷ്, എൻജിനീയർ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പാലം തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.