ഇരിട്ടി: ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമിച്ച കുഴിയിൽ തള്ളിയതിന് പഴശ്ശി ഗാർഡൻ പാർക്ക് നടത്തിപ്പുകാരന് പതിനായിരം രൂപ പിഴ ചുമത്തി. നടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇരിട്ടി നഗരസഭക്ക് നിർദേശം നൽകി. ഡി.ടി.പി.സിയിൽ നിന്നും പാർക്ക് ലീസിനെടുത്ത പി.പി. സിദ്ദീഖാണ് പിഴയൊടുക്കേണ്ടത്. പാർക്കിന് പിറകിൽ ജൈവ - അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി കുഴിയിൽ നിക്ഷേപിച്ചതായി സ്ക്വാഡ് കണ്ടെത്തി. മറ്റൊരു കുഴിയിൽ കരിയില ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതായും സ്ക്വാഡ് നിരീക്ഷിച്ചു.
കരാർ വ്യവസ്ഥ പ്രകാരം മാലിന്യം നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരന്റെ ചുമതലയാണെങ്കിലും അത്തരം സംവിധാനങ്ങളൊന്നും പാർക്കിൽ ഏർപ്പെടുത്തിയിരുന്നില്ല. സന്ദർശകർ ഡിസ്പോസിബൾ വസ്തുക്കൾ പാർക്കിനകത്തേക്ക് കൊണ്ടുവരുന്നത് വിലക്കണമെന്നും അവരുടെ ശ്രദ്ധ പതിയുന്ന രീതിയിൽ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്നും സ്ക്വാഡ് നിർദേശിച്ചു.
ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന സ്ക്വാഡുകൾ പിഴ ചുമത്തുന്ന മൂന്നാമത്തെ പാർക്കാണ് പഴശ്ശി ഗാർഡൻ. ജില്ല എൻഫോഴ്സ്മെന്റ് ടീം ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെറീകുൽ അൻസാർ, ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.വി. അനീഷ്യ മോൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.