ഇരിട്ടി: താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്ന് സഹായം സ്വീകരിക്കാൻ ഗൂഗ്ൾ പേ ചലഞ്ചുമായി നഗരസഭയും ആശുപത്രി വികസന സമിതിയും കർമപദ്ധതി തയാറാക്കി. മാർച്ച് ഏഴിന് ഫണ്ട് സ്വീകരണത്തിന്റെ നഗരസഭതല ഉദ്ഘാടനം നടക്കും. സംഘാടക സമിതി യോഗത്തിൽ ചെയർപേഴ്സൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.
താലൂക്കാശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സോയ, അംഗങ്ങളായ എ.കെ. രവീന്ദ്രൻ, വി.പി. അബ്ദുൽ റഷീദ്, കനിവ് ഭാരവാഹികളായ അയ്യൂബ് പൊയിലൻ, അജയൻ പായം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂനിയൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചെയർമാനായി വി.പി. അബ്ദുൽ റഷീദിനെയും കൺവീനറായി പി. അശോകനെയും തെരഞ്ഞെടുത്തു.
താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിൽ നിന്നും ഇതുവരെയായി 7300ഓളം പേർക്ക് ഡയാലിസിസ് നടത്തിയിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ദിനംപ്രതി 20 പേർക്കാണ് ഡയാലിസിസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഒരു യൂനിറ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്.
ഇതിന്റെ പ്രവർത്തനത്തിനും ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി 30 ലക്ഷത്തോളം രൂപ ഒരുവർഷം ചെലവ് വരും. യൂനിറ്റിന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയായതോടെയാണ് ഗൂഗ്ൾ പേ ചലഞ്ചുമായി പണ സമാഹരണത്തിനുള്ള ശ്രമം. നഗരസഭ തലത്തിലും വാർഡുതലങ്ങളിലും ഗൂഗ്ൾപേ വഴി പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. ഇതിനായി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും കനിവ് ഡയാലിസിസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഇരിട്ടി എസ്.ബി.ഐയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.