ഇരിട്ടി: കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്ന് ബാരാപോൾ പുഴകടന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടത്തിലും എത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. നബാർഡ് സഹായത്തോടെ സംസ്ഥാനതിർത്തിയായ കൂട്ടുപുഴ മുതൽ ബാരാപോൾ വരെയുള്ള ഏഴുകിലോമീറ്റർ ഭാഗങ്ങളിൽ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. നബാർഡ് സ്കീമിൽപെടുത്തിയാണ് വേലി നിർമിക്കുക. ഇതിനുള്ള രൂപരേഖ വനംവകുപ്പ് നബാർഡിന് കൈമാറി. ഫണ്ട് ലഭിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കുന്നതിനായി പ്ലാനും എസ്റ്റിമേറ്റും ഉടൻ സമർപ്പിക്കും. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്ന് പഞ്ചായത്തിലെ മുടിക്കയം, പാറക്കാപ്പാറ മേഖലയിൽ എത്തുന്ന ആനക്കൂട്ടത്തെ പ്രതിരോധിക്കുന്നതിനായി ആറു കിലോമീറ്റർ വനാതിർത്തിയിൽ സൗരോർജവേലിയും നിർമിക്കും. ഇതിനുള്ള മാസ്റ്റർ പ്ലാനും നബാർഡിന് സമർപ്പിച്ചിട്ടുണ്ട്.
കർണാടകത്തിൽനിന്ന് പുഴകടന്ന് എത്തുന്ന ആനക്കൂട്ടങ്ങളാണ് പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻകടവ് ഭാഗങ്ങളിൽ വ്യാപകനാശം വരുത്തുന്നത്. ആഴ്ചയിൽ മൂന്നും നാലും ദിവസമെങ്കിലും ആനക്കൂട്ടം കൃഷിയിടത്തിലെത്തും. രണ്ടുവർഷത്തിനിടയിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് ആനക്കൂട്ടം ഉണ്ടാക്കിയത്. കർണാടക വനത്തിൽനിന്നും പുഴകടന്നെത്തുന്ന ആനക്കൂട്ടം ജനവാസം കുറഞ്ഞ മേഖലകളിലെ കൃഷിയിടങ്ങളാണ് താവളമാക്കുന്നത്. ആനയുടെയും പന്നിയുടെയും ശല്യം കാരണം ഒന്നും കൃഷിചെയ്യാൻ കഴിയാത്തതിനാൽ വർഷങ്ങളായി കൃഷിയിറക്കാതെ ഭൂമി കാടുകയറിക്കിടക്കുകയാണ്.
മുടിക്കയം, പാറക്കാപ്പാറ മേഖലകളിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്നുള്ള ആനകളാണ് കൂടുതലായി എത്തുന്നത്. ഇവിടങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ആറുകിലോമീറ്റർ വരുന്ന വനാതിർത്തിയിൽ സൗരോർജവേലി സ്ഥാപിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ടാണ് നബാർഡിന് സമർപ്പിച്ചത്. വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി നബാർഡിൽ നിന്നുള്ള ഫണ്ട് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പാലത്തിൻകടവിൽ നടന്ന പ്രദേശവാസികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എം.എൽ.എ അറിയിച്ചു. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയണമെന്ന് എം.എൽ.എ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, ഫോറസ്റ്റർ കെ. ജിജിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ഐസക് ജോസഫ്, പാലത്തിൻകടവ്, കച്ചേരിക്കടവ് പള്ളി വികാരിമാരായ ജിന്റോ പന്തലാക്കൽ, മാത്യു നരിക്കുഴി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.