ഇരിട്ടി: കത്തിയെരിയുന്ന ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നത് മലയോരത്ത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കുലച്ച വാഴകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ സംരക്ഷിക്കാൻ ഒരുപറ്റം കർഷകർ പ്രകൃതിയോട് മത്സരിക്കുകയാണ്.
ഉളിക്കൽ പഞ്ചായത്തിലെ വയത്തൂരിൽ ചെറുകിട വാഴക്കർഷകരുടെ മനസ്സ് അന്തരീഷത്തെക്കാൾ ചുട്ടുപൊള്ളുകയാണ്. ലക്ഷങ്ങൾ മുതൽ മുടക്കി ആരംഭിച്ച കൃഷിയാണ് എങ്ങുമെത്താതെ നശിക്കുന്നത്. കൂനംമാക്കൽ തോമസും മറ്റ് രണ്ടുപേരും ചേർന്ന് സമീപത്തെ ജെയിംസ് മുളങ്കോത്രിയുടെ പാട്ടത്തിനെടുത്ത ഒന്നര ഏക്കറിൽ അധികം വരുന്ന സ്ഥലത്തെ നേന്ത്രവാഴകളാണ് കാലാവസ്ഥ വ്യതിയാനത്തിൽ നശിച്ചുകൊണ്ടിരിക്കുന്നത്.
കൃഷി ഉപജീവനമാർഗമായ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സമീപ പഞ്ചായത്തുകളിലും കർഷകർ കാലാവസ്ഥ വ്യതിയാനത്തിന്റെ നാശനഷ്ടങ്ങൾ അനുഭവിക്കുകയാണ്. ഓണം സീസൺ ലക്ഷ്യമിട്ട് ആരംഭിച്ച വാഴകൃഷി കാലാവസ്ഥയിൽ വന്ന വ്യതിയാനം മൂലം പ്രതിസന്ധിയിലാണ്.
വയത്തൂരിലാണ് വ്യാപകമായി വാഴകൾ കരിഞ്ഞുണങ്ങുന്നത്. തോമസും മറ്റു കർഷകരും ഓണം മാർക്കറ്റ് ലക്ഷ്യമിട്ട് കൃഷി ചെയ്ത ആയിരത്തോളം വാഴകളിൽ 450ഓളം നാലു മാസത്തിൽ കുലച്ചത് തിരിച്ചടിയായി. ഏഴു മാസത്തിൽ കുലച്ച് ഒമ്പതാം മാസം വിളവെടുക്കേണ്ട കുള്ളൻ വാഴകളാണ് നേരത്തേ കുലച്ചത്.
വളർച്ചയെത്താതെ കുലച്ചതോടെ വാഴക്കുലകൾ ഒന്നും പ്രതീക്ഷിച്ച വിളവ് നൽകാത്ത സാഹചര്യം കൂടിയാണ്. ലക്ഷങ്ങൾ മുതൽ മുടക്കി കൃഷിയിറക്കിയവരാണ് മുടക്കുമുതൽ പോലും ലഭിക്കാതെ പ്രതിസന്ധിയിലായത്.
തോട്ടത്തിൽ കുല വന്നതും അല്ലാത്തതുമായ വാഴകൾ ചൂടുമൂലം ഒടിഞ്ഞുവീഴുന്നതും കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്. 150ഓളം വാഴകളാണ് ഒടിഞ്ഞുവീണത്.
വെള്ളം ഒഴിച്ചും വളമിട്ടും പരിപാലിച്ച് വാഴകൾ ഒടിഞ്ഞുവീഴുമ്പോൾ പിടയുന്നത് കർഷക മനസ്സാണ്. കൃഷിനാശം സംഭവിക്കുന്ന കർഷകന് സംരക്ഷണവും അടിയന്തര സഹായവും നൽകുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.