ഇരിട്ടി: അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ ജനവാസ മേഖലയായ എടപ്പുഴ വാളത്തോട് മേഖലകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് ഇമ്മാനുവൽ മങ്കംതാനത്തിന്റെ കൃഷിയിടത്തിലും ആറളം പഞ്ചായത്തിലെ എടപ്പുഴ കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിലുമാണ് ആനകൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്.
ശനിയാഴ്ച രാത്രിയിൽ എടപ്പുഴ കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം 50 ഓളം വാഴകളും മിഷ്യൻ പുരയും നശിപ്പിച്ചു. അയ്യൻകുന്ന് വനമേഖലയിൽനിന്ന് ഇറങ്ങിയ ആനകൂട്ടം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എടപ്പുഴ വാളത്തോട് റോഡ് മുറിച്ചുകടന്നാണ് കാപ്പുങ്കൽ സേവ്യറിന്റെ പുരയിടത്തിലെത്തിയത്.
എടപ്പുഴ വാളത്തോട് പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി വ്യാപകമായി കൃഷികൾ നശിപ്പിക്കുന്ന ആനകൾ ആറളം ഫാം മേഖലയിൽനിന്ന് വനത്തിലേക്ക് തുരത്തിയ ആനകളാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. എടപ്പുഴ പള്ളിക്കുസമീപം 200 മീറ്റർ ദൂരത്തിൽ ജനവാസ മേഖലയിലാണ് കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിൽ ആനക്കൂട്ടം നാശം വിതച്ചത്. വാഴകൾ നശിപ്പിച്ച ആനകൾ സമീപത്തെ മിഷ്യൻ പുരയും ബക്കറ്റുകളും നശിപ്പിച്ചു.
ശനിയാഴ്ച എടപ്പുഴയിൽ ഇറങ്ങി നാശം വിതച്ച ആനകൂട്ടം ഞായറാഴ്ച രാത്രി വാളത്തോട് ഇമ്മാനുവൽ മങ്കംതാനത്തിന്റെ വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന 75 ഓളം ചുവട് കപ്പ ചവുട്ടി നശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പുരയിടത്തിന്റെ അതിരിൽ സ്ഥാപിച്ച രണ്ടുകമ്പിവേലികൾ തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്.
വീടിനോടുചേർന്ന കൃഷിയിടത്തിൽ ആന എത്തിയതാണ് വീട്ടുകാരെ ഭീതിയിലാക്കുന്നത്. കാട്ടാനകൾ കൃഷി നശിപ്പിച്ച പ്രദേശങ്ങൾ വനപാലകർ പരിശോധന നടത്തി.
പ്ലാവുകളിലെ ചക്കകൾ പറിച്ചുമാറ്റി വീടിനുപുറത്ത് ലൈറ്റുകൾ സ്ഥാപിക്കാനും വീട്ടുകാർക്ക് അധികൃതർ നിർദേശം നൽകി.
ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നിർദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.വി. സിജേഷ്, കെ. രാഹുൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.