ഇരിട്ടി: ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് കോടികള്‍ ചെലവഴിക്കുന്ന നാട്ടില്‍ പ്രാഥമിക സൗകര്യം പോലുമില്ലാതെ ദുരിതംതിന്ന് കഴിയുകയാണ് ഇരുപത് ആദിവാസി കുടുംബങ്ങള്‍. ആറളം പഞ്ചായത്തിലെ കീഴ്പള്ളിയില്‍ നിന്ന് അഞ്ച് കിലോമിറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എത്തുന്ന ചതിരൂര്‍ നൂറ്റിപത്ത് കോളനിയിലെ കാടിന്റെ മക്കള്ക്കാണീ ദുരിത ജീവിതം. പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
വീടും വെള്ളവും നേരാംവണ്ണം ഇല്ലാതെ തീര്‍ത്തും പരിതാപകരമായ സാഹചര്യത്തില്‍ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ താമസിക്കാന്‍ ഭയന്ന് വീടിന് സമീപം തന്നെ ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് സ്ത്രീകളും കൂട്ടികളുമുള്പ്പടെയുള്ളവര് താമസിക്കുന്നത്. 2005ലാണ് വീടുകള്‍ മിക്കതും നിർമിച്ചത്.
ഈവീടുകള്‍ എല്ലാം ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്നവയാണ്. വീടിനു മുകളിലും താര്‍പായ വലിച്ചുകെട്ടിയിട്ടുണ്ട്. പത്തും പതിനഞ്ചും പേരാണ് ഒരുകൂരയില്‍ താമസിക്കുന്നത്. പ്രാഥമികാവശ്യം നിര്‍വഹിക്കാനുള്ള സംവിധാനം ആകട്ടെ ഒരു ഭാഗം മാത്രം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ് ഉപയോഗിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ജില്ല കലക്ടര്‍ കോളനി സന്ദര്‍ശിച്ചപ്പോള്‍ വീടുകള്‍ നവീകരിക്കുമെന്നും അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും വാക്ക് നല്‍കിയിരുന്നതായി കോളനിവാസികള്‍ പറയുന്നു. പക്ഷെ ഇതുവരെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.
വീടിന്റെ ദുരവസ്ഥക്ക് പുറമെ മഴകാലമായതോടെ ജോലിയില്ലാതെ കോളനിവാസികള്‍ ഇരട്ടി ദുരിതമാണ് അനുഭവിക്കുന്നത്. റേഷന്‍ ഷാപ്പില് നിന്ന് ലഭിക്കുന്ന അരിയുള്ളത് കൊണ്ടാണിപ്പോള്‍ കഞ്ഞിയെങ്കിലും കുടിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നതെന്ന് കോളനിവാസികള്‍ പറയുന്നു.
തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ദിനേനെയെന്നോണം കയറിയിറങ്ങുന്ന വിവിധ രാഷ്ട്രിയ ആദിവാസി സംഘടന നേതാക്കളും വിഷമഘട്ടത്തില്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇവര്‍ സങ്കടത്തോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.