ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മണൽ ലഭിക്കാത്തതിനെ തുടർന്ന് പണി പൂർത്തീകരിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ് മണലൂറ്റ്.
അണക്കെട്ടിന്റെ ഭാഗമായ പുഴകളില്‍നിന്നാണ് മണൽ മാഫിയസംഘം രാപ്പകൽ വ്യത്യാസമില്ലാതെ കൂറ്റൻ തോണികളും അത്യാധുനിക സംവിധാനങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍വാരി കടത്തുന്നത്. അധികൃതരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്.
2018ലെ പ്രളയത്തെ തുടർന്ന് കുത്തിയൊലിച്ച് പുഴയുടെ വിവിധ കടവുകളിൽ അടിഞ്ഞുകൂടിയ മണൽ പ്രാദേശികമായോ സർക്കാർ ഏജൻസി വഴിയോ ലേലംചെയ്ത് മണൽ വില്പന നടത്തണമെന്ന ജനകീയാവശ്യത്തോട് മുഖം തിരിച്ചുനിന്ന്, സർക്കാർതലത്തിൽ നടപടിയെടുക്കാത്തതിനാലാണ് മണൽ മാഫിയകളുടെ നേതൃത്വത്തിൽ പുഴകളിൽ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നത്.
ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്കിയാല് വര്‍ഷം തോറും സര്‍ക്കാറിലേക്ക് കോടിക്കണക്കിന് രൂപ വരുമാനമെത്തും. മണലിനായി നെട്ടോട്ടമോടുന്ന സാധാരണക്കാർക്ക് ആവശ്യത്തിന് മണൽ എത്തിച്ചുനൽകാനുമാകും.
എന്നാല്‍, മണല്‍ വാരാന്‍ കരാര്‍ നല്കാത്തതിനാൽ ഈ അവസരം മുതലെടുത്ത് എടക്കാനം, ചേളത്തൂർ, പടിയൂർ, പെരുവംപറമ്പ്, നിടിയോടി, പൂവംഭാഗത്ത് മണൽ മാഫിയസംഘം അധികൃതരുടെ ഒത്താശയോടെ വ്യാപകമായി മണൽ വാരിക്കടത്തി വിൽപന തുടങ്ങിയതോടെ സര്‍ക്കാറിന് ലഭിക്കേണ്ട കോടികളാണ് മാഫിയസംഘം കൊള്ളയടിക്കുന്നത്.
പഴശ്ശി പുഴയിലെ മണൽ വാരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ ലേലംചെയ്യാന്‍ കഴിയുകയുള്ളൂ. എട്ട് വര്‍ഷം മുമ്പുവരെ പഴശ്ശി ഡാമില്‍നിന്ന് മണല്‍ വാരുന്നതിനായി സ്വകാര്യവ്യക്തികൾക്ക് ലേലംചെയ്തു നൽകാറുണ്ടായിരുന്നു. അവസാനമായി ലേലം നടന്നത് 2011ൽ ഒന്നരക്കോടിയോളം രൂപക്കാണ്.
സര്‍ക്കാര്‍ നല്കുന്ന പാസ് മുഖാന്തരമാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. വര്‍ഷംതോറും നടക്കുന്ന ലേലനടപടികള്‍ ഹരിത ട്രൈബ്യൂണൽ വിധിയിൽ തട്ടി നടക്കാതെവന്നതോടെ പുഴയില്‍ ആവശ്യത്തിലധികം മണല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്.
പുഴയിലെ മണല്‍ യഥാസമയം നീക്കംചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിയന്തരമായും മണൽക്കൊള്ള അവസാനിപ്പിച്ച് പഴശ്ശി പുഴയിലെ മണൽ ലേലംചെയ്ത് സാധാരണക്കാർക്കുകൂടി ലഭിക്കാവുന്ന തരത്തിലുള്ള നടപടി സർക്കാർതലത്തിൽ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.