ഇരിട്ടി: മാക്കൂട്ടം ചുരം അന്തർസംസ്ഥാന പാതയിൽ കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനവും പാലം നിർമാണം പോലെ വിവാദത്തിലായതോടെ ഗതാഗതത്തിന് തുറന്നുനൽകുന്നതും നീളുന്നു. പുതുതായി പണിത പാലം തുറന്നുനൽകാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. പുതുവർഷാരംഭത്തിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു കെ.എസ്.ടി.പിയിൽനിന്ന് ആദ്യം വന്ന അറിയിപ്പ്. മന്ത്രി മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
മറ്റ് ചടങ്ങുകൾ ഇല്ലാതെ മന്ത്രിയും ജനപ്രതിനിധികളും ചേർന്ന് പാലത്തിലൂടെ നടന്ന് മറുകരയിലെത്തുന്ന ലളിതമായ ചടങ്ങോടുകൂടിയുള്ള ഉദ്ഘാടനം എന്നായിരുന്നു അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ, ഉദ്ഘാടനം മാറ്റിവെച്ചതായി കെ.എസ്.ടി.പി തന്നെ അറിയിച്ചു. കർണാടകയിലെ ജനപ്രതിനിധികളെ അറിയിച്ചിട്ടില്ലെന്ന പ്രതിഷേധം സർക്കാറിനെ അറിയിച്ചതിനുപിന്നാലെയാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചത്. പ്രവൃത്തി പൂർത്തീകരിച്ച് 15 ദിവസം പിന്നിട്ടിട്ടും പാലം തുറക്കാൻ ഇനിയും നടപടിയായില്ല.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൂട്ടുപുഴയിൽ പുതിയ പാലം പൂർത്തിയായത്. 356 കോടിയുടെ തലശ്ശേരി -വളവുപാറ അന്തർ സംസ്ഥാന പാത നവീകരണത്തിൽ ഉൾപ്പെട്ടതായിരുന്നു കൂട്ടുപുഴയിലെ പുതിയ പാലം. 2017 ഒക്ടോബറിൽ, 90 മീറ്റർ നീളത്തിൽ അഞ്ചുതൂണുകളിലായി നിൽക്കേണ്ട പാലത്തിന്റെ പ്രവൃത്തിയും തുടങ്ങി. കൂട്ടുപുഴ പുഴക്കുകുറുകെ നിർമിക്കുന്ന പാലത്തിന്റെ കൂട്ടുപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂർത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ തൂൺ നിർമാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പുഴയുടെ മറുകര കർണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കർണാടക വനം വകുപ്പ് നിർമാണം തടഞ്ഞു.
പുഴയുടെ മറുകര വരുന്ന മാക്കൂട്ടം പുഴക്കര പൂർണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാൻ കൂടിയാണ് അവർ ഈ വാദം ഉന്നയിച്ചത്. പലതട്ടിൽ ചർച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്നുവർഷം ഒരുപ്രവൃത്തിയും നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയത്തിൽ പ്രശ്നമെത്തുകയും രേഖകളുടെ പരിശോധനക്കുശേഷം 2020 ഏപ്രിൽ 23ന് ദേശീയ വനം-വന്യജീവി ബോർഡിന്റെ അന്തിമാനുമതിയോടെ പാലം പണി പുനരാരംഭിക്കുകയുമായിരുന്നു. കർണാടക വനം വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി നിർമാണം പുനരാരംഭിച്ചപ്പോൾ കോവിഡ് വില്ലനായി.
ആറുമാസംകൊണ്ട് തീർക്കേണ്ട പണി നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയായത്. ഇരിട്ടി, മട്ടന്നൂർ, ഉളിയിൽ, കരേറ്റ, മെരുവമ്പായി പാലങ്ങൾ തുറന്നതുപോലെ ചടങ്ങുകളൊന്നും ഇല്ലാതെ പുതുവർഷത്തിൽ കൂട്ടുപുഴ പാലവും തുറന്നുകൊടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. പാലം നിർമാണത്തിന് ദേശീയ വനം -വന്യജീവി ബോർഡിന്റെ അന്തിമാനുമതിക്കൊപ്പം കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ടുവെച്ച ചില നിർദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് നിർത്തിവെച്ച പണി പുനരാരംഭിച്ചത്.
നിർമാണത്തിന് കർണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ ഏറെ ശ്രമം നടത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പിയും ഏകപക്ഷീയമായി ഉദ്ഘാടനം നടത്തുന്നതിലെ അതൃപ്തി വീരാജ്പേട്ട എം.എൽ.എ ഓഫിസ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. വനം വകുപ്പും സമാനരീതിയിലുള്ള എതിർപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതോടെയാണ് ഉദ്ഘാടനം പൊടുന്നനെ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കെ.എസ്.ടി.പി ചീഫ് എൻജിനീയറിൽനിന്നും ഉണ്ടായതെന്നാണ് അറിയുന്നത്.
എന്നാൽ, പാലം ഗതാഗതത്തിന് തയാറായിട്ടും തുറന്നുകൊടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 1928ൽ ബ്രിട്ടീഷുകാർ പണിത പഴയപാലം തകർച്ച ഭീഷണിയിൽ നിൽക്കുബോൾ പുതിയ പാലം യാഥാർഥ്യമായിട്ടും തുറക്കാത്തത് എന്തുകൊണ്ടാണെന്നുള്ള കാര്യം അധികൃതരും വ്യക്തമാക്കേണ്ടതുണ്ട്.പാലം ഉടൻ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.