ഇരിട്ടി: ആറളം ഫാം സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ബസിൽനിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. ബ്ലോക്ക് 11ലെ താമസക്കാരനായ സുകുമാരന്റെ മകൾ ദിവ്യ (11)യാണ് സ്കൂൾ ബസിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യുവിൽ കഴിയുന്നത്.
ഒമ്പതിന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. സ്കൂൾ ബസിൽ വീട്ടിലേക്ക് വന്നകുട്ടി ബ്ലോക്ക് 11ലെ വീടിനടുത്ത് ബസിൽ നിന്നും ഇറങ്ങുമ്പോൾ പാവാട ബസിന്റെ ഡോറിൽ ഉടക്കിവീണാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെയും സഹായിയുടെയും ശ്രദ്ധക്കുറവാണ് അപകട കാരണമെന്നും പറയുന്നുണ്ട്.
കുട്ടി ഇറങ്ങി കഴിയുന്നതിനു മുമ്പ് ഡോർ അടഞ്ഞപ്പോൾ പാവാട ഡോറിൽ കുടുങ്ങിയ കുട്ടിയുടെ കാലിൽ ബസ് കയറുകയായിരുന്നു. കുട്ടി വീണ വിവരം അറിയാതെ ഡ്രൈവർ വണ്ടിയെടുത്തു. കുട്ടിയേയും വലിച്ചുകൊണ്ട് ബസ് മുന്നോട്ടു പോയതാണ് പരിക്ക് ഗുരുതരമാകാൻ കാരണമെന്ന് പറയുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ചൊവ്വാഴ്ച പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ആറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.