ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടും മർദനവുമേറ്റ പരിക്കുകളോടെ കണ്ടെത്തി. ഏച്ചിലത്തെ കുന്നുമ്മൽ രാധക്കാണ് (58) പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമെന്ന് കരുതുന്നു. ചെവി വെട്ടേറ്റ് മുറിഞ്ഞുതൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റു. കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. പരിക്കേറ്റ രാധയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. ഇവർ വീട്ടിൽ ഒറ്റക്കാണ് ഉണ്ടായിരുന്നത്.
ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏകമകൾ ഭർതൃ വീട്ടിലാണ് താമസം. വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപവാസികളോട് പറഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പൊലീസിനോട്, മോഷ്ടാവാണ് ആക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വർണാഭരണങ്ങൾ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നുമാണ് ഇവർ പിന്നീട് മൊഴി നൽകിയത്. ഇവരുടെ മൊഴികളിൽ വൈരുധ്യമുള്ളതായും മോഷണശ്രമം നടന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും പൊലീസ് അറിയിച്ചു.പരിക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനാൽ പൊലീസിന് കൂടുതൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് ചില നിർണായകമായ വിവരങ്ങൾ ലഭിച്ചതായും രണ്ടുപേർ ആറളം പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്.
ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, പ്രിൻസിപ്പൽ എസ്.ഐ ശ്രീജേഷ്, അഡീ. എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. കണ്ണൂരിൽനിന്നുള്ള ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. വീട് പൊലീസ് നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.