ഇരിട്ടി: പായം, തില്ലങ്കേരി പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടി കർഷകർ. കഴിഞ്ഞ രാത്രി പായം കൊവ്വൽ മേഖലയിൽ കാട്ടാന എത്തിയത് ആറളം ഫാമിൽനിന്നാണ്. പുഴകടന്ന് ജനവാസ മേഖലയിൽ എത്തിയ ആന മേഖലയിൽ വൻ കൃഷി നാശം വരുത്തി. അമ്പതോളം വാഴകൾ നശിപ്പിച്ചു.
ഫാമിൽ നിന്ന് എത്തിയ കാട്ടാന ആറളം, പൂതക്കുണ്ടും കടന്നാണ് പായത്തെത്തിയത്. പായം പുഴയോട് ചേർന്ന് കൊവ്വൽ മേഖലയിലെ പി. പ്രഭാകരൻ, എ. ശ്രീധരൻ എന്നിവരുടെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. രാവിലെ ടാപ്പിങ്ങിനായി എത്തിയവരാണ് കാട്ടാനയുടെ സാന്നിധ്യം മനസ്സിലാക്കിയത്. ഈ മേഖല നിരവധി വീടുകളുള്ള പ്രദേശം കൂടിയാണ്. കാട്ടാനയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി.
തില്ലങ്കേരി പഞ്ചായത്തിലെ കാർക്കോട്, ഈയ്യമ്പോട്, പള്ള്യം, വാഴക്കാല, വട്ടപ്പറമ്പ്, എച്ചിക്കുന്നേൽ ഭാഗങ്ങളിൽ കുരങ്ങ് ശല്യവും കാട്ടുപന്നി ശല്യവും രൂക്ഷമായി. പന്നി ശല്യം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കുരങ്ങു ശല്യവും രൂക്ഷമായി. മയിൽകൂടി എത്തിയതോടെ ഒന്നും കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. വീട്ടുകാർ ജോലിക്ക് പോകാനുള്ള തിരക്കിനിടയിൽ വീടിന്റെ ജനാലുകളും മറ്റും അടയ്ക്കാൻ മറന്നുപോയാൽ കുരങ്ങുകൾ വീടിനുളളിൽ കയറി ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് കൈയും കണക്കുമില്ല. വട്ടപ്പറമ്പിലെ മോഹനൻ, തങ്കച്ചൻ എന്നിവരുടെ വീട്ടിൽ കയറി ടി.വി ഉൾപ്പെടെ നശിപ്പിച്ചത് അടുത്തിടെയാണ്.
വന്യമൃഗ ശല്യത്തിനെതിരെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ബന്ധപ്പെട്ടവർ അന്വേഷിച്ച് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കപ്പയും വാഴയും എല്ലാം ധാരാളം വിളഞ്ഞ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ഇവയുടെ ശല്യംമൂലം കൃഷിയിറക്കാതെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.