ഇരിട്ടി: കണ്ടെയ്നർ ലോറിയിടിച്ചു ഒടിഞ്ഞുതൂങ്ങിയ ഇരിട്ടി പഴയപാലത്തിന്റെ ക്രോസ് ഗർഡർ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഇതോടെ പഴയ പാലം വഴിയുള്ള വൺവേ ഗതാഗതം വെള്ളിയാഴ്ച മുതൽ പുനഃസ്ഥാപിച്ചേക്കും. ക്രോസ് ഗർഡർ തകർന്നതോടെ രണ്ടാഴ്ചയിൽ അധികമായി പഴയ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പഴയ പാലം വഴി ഗതാഗത നിരോധം മൂലം പുതിയ പാലം കവലയിൽ ഗതാഗത സ്തംഭനം രൂക്ഷമാവുകയും അപകടസാധ്യത ഏറുകയും ചെയ്തു. രണ്ടാഴ്ച പിന്നിട്ടിട്ടും അപകടം വരുത്തിയ ലോറി മാറ്റാനോ തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയാറായിരുന്നില്ല. പൊതുമരാമത്തിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞദിവസം ലോറി പാലത്തിന് മുന്നിൽനിന്ന് മാറ്റുകയും തകർന്ന ക്രോസ് ഗർഡർ പുനഃസ്ഥാപിക്കാനും തുടങ്ങി. കാലാവസ്ഥ അനുകൂലമായാൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിക്കും. പുതിയ പാലം യാഥാർഥ്യമായതോടെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നേരത്തെ തടഞ്ഞിരുന്നു. പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി നൽകിയ ഉറപ്പിന്റെ ഭാഗമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി പെയിന്റിങ് ഉൾപ്പെടെ നടത്തിയാണ് വൺവേ ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ഇരിട്ടിയിൽനിന്നും ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പഴയ പാലം വഴി പോയിക്കൊണ്ടിരുന്നത്. പാലത്തിന്റെ പ്രവേശന കവാടത്തിൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായുള്ള ബോർഡും സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വലിയ കണ്ടെയ്നർ ലോറി പാലത്തിലേക്ക് പ്രവേശിച്ചതോടെയാണ് പാലത്തിന്റെ ക്രോസ് ഗർഡർ ഇടിച്ചു തകർത്തത്. അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കിയാണ് ലോറി വിട്ടുനൽകിയത്. പുതിയ പാലത്തിലെ സിഗ്നൽ സംവിധാനം നിശ്ചലമായതും സ്കൂൾ തുറന്നതുമൂലമുണ്ടായ അധിക വാഹന ഗതാഗതവും കൊട്ടിയൂർ ഉത്സവ സീസണുമെല്ലാം കഴിഞ്ഞ രണ്ടാഴ്ച പുതിയ പാലം കവലയിൽ വലിയ കുരുക്കിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.