ഇരിട്ടി: താലൂക്കാശുപത്രിക്ക് ആർദ്രം പദ്ധതിയിൽ സംസ്ഥാന സർക്കാർ നിർമിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന് ടെൻഡറായി. കിഫ്ബി ഫണ്ടിൽ 64 കോടി രൂപ മുതൽ മുടക്കിൽ ആറ് നില കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി പുതുതായി നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യു.എൽ.സി.സി ലെറ്റർ ഓഫ് ആക്സപ്റ്റൻസ് കൈപ്പിറ്റി.
പ്രവൃത്തി രണ്ട് മാസത്തിനകം തുടങ്ങും. കെ.എസ്.ഇ.ബിയാണ് കെട്ടിട നിർമാണത്തിന്റെ കൺസൽട്ടൻസി. താലൂക്കാശുപത്രി പരിസരത്തുണ്ടായിരുന്ന പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ആശുപത്രിക്ക് ഹൈടെക്ക് കെട്ടിടം നിർമിക്കുക. പഴയ ക്വാർട്ടേഴ്സുകൾ ഇതിനായി നേരത്തേ പൊളിച്ചു നീക്കി. ആധുനിക നിലവാരത്തിൽ ഉയരുന്ന ആശുപത്രിയിലേക്ക് ഇരിട്ടി നേരമ്പോക്ക് വഴിയുള്ള റോഡ് ആശുപത്രിവരെ വീതി കൂട്ടി നവീകരിക്കാനുള്ള പ്രവർത്തനത്തിനും ജനകീയ കർമസമിതി നേതൃത്വത്തിൽ തുടക്കമായി. ആറു നില കെട്ടിടം പൂർത്തിയാവുന്നതോടെ മലയോരത്തെ വിപുല സൗകര്യങ്ങളുള്ള മികച്ച സർക്കാർ ആശുപത്രിയായി താലൂക്കാശുപത്രി മാറുമെന്ന പ്രതീക്ഷയിലാണ് മലയോരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.