ഇരിട്ടി: നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തമായുണ്ടായിട്ടും ഇരിട്ടി മുഖ്യ തപാലാപ്പിസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ നഗരത്തിലെ ഒറ്റമുറി വാടകക്കെട്ടിടത്തില്‍. ഇരിട്ടി ക്രിസ്ത്യന്‍ പള്ളിക്കു മുന്‍വശമുള്ള സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലെ ഒറ്റമുറി ഓഫിസിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഇതേ വാടകക്കെട്ടിടത്തിെൻറ മുന്‍വശത്തായി കോടികള്‍ വിലമതിക്കുന്ന 21 സെൻറ് ഭൂമി ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിനായി ഇരിട്ടി പോസ്റ്റ് ഓഫിസിെൻറ ഉടമസ്ഥതയിലുണ്ടായിട്ടും കേന്ദ്രസര്ക്കാറിെൻറയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടെയും അലംഭാവംമൂലം നീണ്ടുപോകുകയാണ്.
സ്ഥലം കാടുവെട്ടിത്തെളിക്കാത്തതിനാല്‍ പാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് പൊന്നുംവിലയുള്ള ഈ സര്‍ക്കാര്‍ ഭൂമി. പോസ്റ്റ് ഓഫിസ് കെട്ടിടം പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇടപാടുകാര്‍ക്ക് ഇരിക്കാന്‍ പോലും ഈ കുടുസ്സുമുറിയില്‍ സൗകര്യമില്ല. 15ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഒറ്റമുറി ഓഫിസില്‍ സ്ഥലപരിമിതിമൂലം നിന്നുതിരിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. 8000ത്തോളം രൂപയാണ് പ്രതിമാസം വാടകയിനത്തില്‍ പോസ്റ്റല്‍ വകുപ്പ് നല്‍കുന്നത്. ഇരിട്ടി പോസ്റ്റ് ഓഫിസിന് സ്വന്തം നിലയില്‍ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനാണ് 1985ല്‍ 21 സെൻറ് ഭൂമി സെൻറിന് എട്ടായിരം രൂപ നിരക്കില്‍ പോസ്റ്റല്‍ വകുപ്പ് വാങ്ങിയത്.
സ്ഥലം വാങ്ങിയതല്ലാതെ പിന്നീട് നാളിതുവരെ കെട്ടിട നിര്‍മാണം സംബന്ധിച്ചോ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചോ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടികളും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരും സന്നദ്ധ സംഘടനകളും വ്യാപാര സംഘടനകളും മാറിമാറി വരുന്ന എം.പിമാര്‍, എം.എല്‍.എമാര്‍ മുഖേന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തെങ്കിലും 35 വര്‍ഷം പിന്നിട്ടിട്ടും, സ്വന്തമായി ഭൂമി കൈയിലുണ്ടായിട്ടും മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയിലെതന്നെ പ്രധാന വാണിജ്യ പട്ടണങ്ങളിലൊന്നായ ഇരിട്ടി ടൗണില്‍ മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വന്തമായി കെട്ടിട സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ പോസ്റ്റ് ഓഫിസിനോടുള്ള അധികൃതരുടെ അനാസ്ഥയും അവഗണനയും അവസാനിപ്പിച്ച് അടിയന്തരമായും ഓഫിസ് കെട്ടിടം നിര്‍മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.