ഇരിട്ടി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടൽ പ്രവൃത്തി നടക്കാത്തതിനാൽ മലയോര മേഖലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തിൽ. ഇതിൽ നിർമാണം പാതിവഴിയിൽ നിലച്ച മലയോര ഹൈവേ വള്ളിത്തോട് -ആറളം പാലം റീച്ചിൽ മഴക്കാലം ജനജീവിതം ദുരിതമാക്കുമെന്ന ആശങ്ക ശക്തമായി.
സണ്ണി ജോസഫ് എം.എൽ.എ വിളിച്ച പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത് -കെ.എസ്.ടി.പി-കെ.ആർ.എഫ്.ബി അവലോകന യോഗത്തിലാണ് മലയോര ഹൈവേയിൽ വള്ളിത്തോട് ആനപ്പന്തി പാലം മുതൽ കരിക്കോട്ടക്കരി, എടൂർ ആറളം പാലം വരെയുള്ള 16.3 കി.മീറ്റർ ദൂരം റോഡ് യാത്ര മഴക്കാലത്ത് നരകതുല്യമാകുമെന്ന ആശങ്ക സംബന്ധിച്ച് ചർച്ചകൾ നടന്നത്.
മലയോര ഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി വള്ളിത്തോട് മുതൽ മണത്തണവരെ 25.3 കി.മീറ്റർ ദൂരം റോഡ് 53 കോടി രൂപ ചെലവിൽ നടത്തുന്ന നവീകരണമാണു ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടൽ സമയബന്ധിതമായി നടപ്പാക്കാത്തതിനെ തുടർന്നു മഴക്ക് മുമ്പ് പൂർത്തീകരിക്കാനാകാത്ത സാഹചര്യത്തിൽ എത്തിയത്.
നിലവിലുള്ള റോഡ് ഒമ്പത് മീറ്ററാക്കി ടാറിങ് വീതി വർധിപ്പിക്കൽ, രണ്ടുവശത്തും കാൽനട വഴി, അപകട സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമാണം, വെമ്പുവ, ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പുനർനിർമാണം എന്നിവ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തിയാണ് കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിനായി അരികുഭാഗവും നിലവിലുള്ള റോഡും ചില സ്ഥലങ്ങളിൽ വെട്ടിപ്പൊളിച്ചിട്ട നിലയിലാണ്.
വെമ്പുഴച്ചാൽ, ആനപ്പന്തി, ചേംതോട് പാലങ്ങളിൽ എടൂരും വെമ്പുഴച്ചാലും പണി തുടങ്ങിയെങ്കിലും വാർപ്പ് ഘട്ടം വരെ എത്തിയിട്ടില്ല. വിളക്കോട്-അയ്യപ്പൻകാവ് (3 കോടി രൂപ), എടത്തൊട്ടി-പെരുമ്പുന്ന (3.85 കോടി രൂപ), കരിക്കോട്ടക്കരി-ഈന്തുംകരി (75 ലക്ഷം രൂപ) എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തി തുടങ്ങാനാകാത്ത സാഹചര്യവും ചർച്ചയായി. ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ റോഡിന്റെ റീടാറിങ്ങിനായി അനുവദിച്ച അഞ്ചുകോടിരൂപയുടെ പ്രവൃത്തി സാങ്കേതികാനുമതിക്കായി സമർപ്പിച്ചു.
പൈപ്പിടിൽ പൂർത്തിയാക്കിയാൽ വള്ളിത്തോട്-ആറളം പാലം റീച്ചിൽ മലയോര ഹൈവേ റൂട്ടിൽ മഴക്ക് മുമ്പ് റോഡരികുകൾ വെറ്റ് മിക്സ് മെക്കാഡം നടത്തി ഗതാഗതയോഗ്യമാക്കിതരുമെന്ന് എൻജിനീയർ പി. സജിത്ത് അറിയിച്ചു. യോഗത്തിൽ എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഷീല ചോറൻ (റോഡ്സ്), കെ. ആശിഷ് കുമാർ (കെ.എസ്.ടി.പി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.