ഇരിട്ടി: കേരള -കർണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമിച്ച പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ആഹ്ലാദം മുറ്റിനിന്ന അന്തരീക്ഷത്തിൽ ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സണ്ണി ജോസഫ് എം.എൽ.എ, വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ, കുടക് ജില്ലയിൽ നിന്നുള്ള കർണാടക ലജിസ്ലേറ്റിവ് അംഗം സുജ കുശാലപ്പ, കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി തുടങ്ങിയവർ തുറന്ന ജീപ്പിൽ പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം.
ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കർണാടക അധികൃതരെ പരിഗണിച്ചില്ലെന്ന പരാതി ഉയരുകയും തീരുമാനം മാറ്റുകയുമായിരുന്നു. കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഉദ്ഘാടന വിവരം ഇത്തവണ രേഖാമൂലം വീരാജ്പേട്ട എം.എൽ.എയെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽപെടുത്തി 356 കോടിയുടെ തലശ്ശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുതിയ പാലം നിർമിച്ചത്.
ഇതിന്റെ നിർമാണത്തിൽ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. ആറുമാസംകൊണ്ട് തീർക്കേണ്ട പണി നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കുടക് ഡി.സി.സി സെക്രട്ടറി പി.കെ. പൃഥ്വിനാഥ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, എൻ. അശോകൻ, ഇ.എസ്. സത്യൻ, സിബി വാഴക്കാല, വത്സൻ തില്ലങ്കേരി, വി.വി. ചന്ദ്രൻ, എം.ആർ. സുരേഷ്, പ്രിജേഷ് അളോറ, സജിത്ത് ചാവശ്ശേരി തുടങ്ങിയവരും പങ്കെടുത്തു.
കണ്ണൂർ: റോഡ് വികസന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാറിനൊപ്പം നിൽക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂർ ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാശിയോ മത്സരമോ ഏറ്റുമുട്ടലോ ഇല്ല. വികസനമാണ് ലക്ഷ്യം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. മഴ അധികമായതിനാൽ ഇത്തവണ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് പതിവിലും കൂടുതൽ തുകയാണ് അനുവദിച്ചത്. കുഴികൾ അടക്കേണ്ടതിനുപകരം തകരാത്ത റോഡുകൾക്കുമേൽ വീണ്ടും ടാർ ചെയ്യുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വിജിലൻസ് സംവിധാനം ശക്തമാണ്. നിലവിൽ റോഡുള്ളിടത്ത് വീണ്ടും ടാർ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തെറ്റിനോട് സന്ധിയില്ല. ക്രമക്കേടുകൾ കണ്ട കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഉത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിച്ചു. കണ്ണൂരിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ നഗരപാത വികസനത്തിന്റെ ആദ്യഘട്ട ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഒരാഴ്ചക്കകം ഇത് പൂർത്തിയാകും. കണ്ണൂർ പട്ടണത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയെന്നത് സംസ്ഥാനത്തിന്റെതന്നെ ആവശ്യമാണ്. മേലെചൊവ്വ അടിപ്പാത നിർമാണത്തിനുള്ള എസ്റ്റിമേറ്റ് പുതുക്കി നൽകി.
ആർ.ബി.ഡി.സിക്കാണ് നിർമാണ ചുമതല. തെക്കീ ബസാർ മേൽപാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് തുടരുന്നുണ്ട്. ഇവിടെ പുനരധിവാസ പാക്കേജിന് രൂപം നൽകി. ഇതിന് സർക്കാർ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എയർപോർട്ട് റോഡ് വികസനം കാര്യക്ഷമമാക്കും. കണ്ണൂരിനെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടുത്തുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
ഇരിട്ടി: ബ്രിട്ടീഷുകാർ നിർമിച്ച, ഇരിട്ടി പുതിയ പാലത്തോട് ചേർന്നുള്ള പഴയ പാലം ചരിത്ര സ്മാരകമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. ആവശ്യമായ പരിശോധനകൾ നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.