ഇരിട്ടി: വെള്ളിയാഴ്ച വൈകീട്ട് അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതം. ബ്ലാക്ക് റോക്ക് ക്രഷറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നീക്കം ചെയ്ത ഉപരിഭാഗത്തെ ലോഡ് കണക്കിന് വരുന്ന മണ്ണ് അനധികൃതമായി കുന്നിൻ ചെരുവിൽ നിക്ഷേപിച്ച സ്ഥലത്താണ് മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്.
ക്രഷർ അധികൃതർ നിക്ഷേപിച്ച മണ്ണിൽ കാൽഭാഗം മാത്രമാണ് താഴേക്ക് പതിച്ചിരിക്കുന്നത്. മണ്ണിന്റെ ബാക്കി വരുന്ന ഭാഗം ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന ഭീകരാവസ്ഥയിലാണ്. വിള്ളൽ വീണിരിക്കുന്ന മണ്ണിൽ തുടർച്ചയായി മഴപെയ്താൽ വലിയൊരു അപകടമാണ് സംഭവിക്കുക. മണ്ണ് താഴേക്ക് വീഴാതിരിക്കാൻ ക്രഷർ അധികൃതർ പുല്ലും മറ്റ് മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും അളവിൽ കൂടുതൽ മണ്ണ് നിക്ഷേപിച്ചതാണ് മണ്ണിടിച്ചിലിന് കാരണം.
2018ൽ നടന്ന ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം നടത്തിയ പഠനങ്ങൾ ഈ മേഖല ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 30ഓളം ഉരുൾപൊട്ടൽ ഈ മേഖലയിൽ ഇതുവരെ സംഭവിച്ചിട്ടുണ്ട്. ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ക്വാറികളുടെ പ്രവർത്തനം. ഇതോടെ ക്രഷറിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന ആവശ്യവുമായി ജില്ല കലക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ദുരിതം അനുഭവിക്കുന്ന നാലു കുടുംബങ്ങൾ.
മണ്ണിടിച്ചിലുണ്ടായ പാറക്കാമലയില്‍ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായും അപകട സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായും അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലം സന്ദർശിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫിസര്‍ ടി.വി. ഉണ്ണികൃഷ്ണന്, എ.എസ്.ടി.ഒ സി.പി ബൈജു, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ പി.എച്ച് നൗഷാദ്, സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്ഡന് ഡോളമി മുണ്ടാനൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.
Landslide Man Made
ഉരുൾപൊട്ടൽ ഉണ്ടാകാൻ കാരണമായ മണ്ണ് നിക്ഷേപം അനധികൃതമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ മണ്ണ് നീക്കം ചെയ്യുക അപകടകരമാണെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു.
തകർന്ന റോഡ് ഉൾപ്പെടെ നേരെ ആക്കുന്നതിന് അടുത്ത ദിവസം ക്രഷർ കമ്പിനിക്കാരെ വിളിച്ചുവരുത്തും. താഴ്വാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ഭൂമി ക്രഷർ കമ്പനി ഏറ്റെടുക്കാൻ കമ്പനിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ കിസാൻ സഭ പ്രതിനിധി സംഘം അയ്യൻകുന്ന് പാറക്കാമലയിൽ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു. പാറക്കാമലയിൽ ഉണ്ടായത് മനുഷ്യ നിർമിത ദുരന്തമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എട്ടോളം വീടുകൾ അപകട ഭീഷണി നേരിടുകയാണെന്നും ഈ കുടുംബങ്ങളെ സ്ഥിരമായി മാറ്റി പാർപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
പായം ബാബു രാജ്, ശങ്കർ സ്റ്റാലിൻ, കെ.പി. ബാബു, എൻ.വി. രവീന്ദ്രൻ, കെ.ബി. ഉത്തമൻ എന്നിവരടങ്ങിയ സംഘമാണ് സംഭവ സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.