ഇരിട്ടി: റോഡ് പ്രവൃത്തിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഗുഹ കണ്ടെത്തി. ഉളിക്കൽ കോളിത്തട്ട് റോഡിൽ കേയാപറമ്പിലാണ് ഗുഹ കണ്ടെത്തിയത്. ഇതേത്തുടർന്ന് സമീപത്തെ രണ്ട് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഉളിക്കൽ - അറബി - കോളിത്തട്ട് റോഡ് നവീകരണ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വൻ ഗുഹ കണ്ടെത്തിയത്.
പല ദിശയിലേക്കും ആഴത്തിലുള്ള ഗർത്തങ്ങൾ കണ്ടെത്തിയതിനാൽ ഗുഹക്ക് മുകളിലായി പണികഴിപ്പിച്ച രണ്ട് വീടുകളിലെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി.ഗുഹ കണ്ടെത്തിയ സ്ഥലം ചെങ്കൽപാറ നിറഞ്ഞ പ്രദേശമാണ്. ഉളിക്കൽ ഭാഗത്തേക്കുള്ള റോഡിൽ 50 മീറ്ററോളം ദൂരത്തിൽ ഗുഹയുള്ളതായാണ് ജിയോളജി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.
എന്നാൽ, കൂടുതൽ ഉള്ളിലേക്ക് കയറി പരിശോധന നടത്താനായിട്ടില്ല. ജിയോളജി വകുപ്പ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് വിദഗ്ധ സമിതിയെത്തി പരിശോധിച്ചാൽ മാത്രമേ ഗുഹയുടെ വ്യാപ്തി പൂർണമായി തിരിച്ചറിയാൻ കഴിയൂ.കേന്ദ്ര സർക്കാറിെൻറ പ്രത്യേക അന്വേഷണ വിഭാഗം വിദഗ്ധർ അടുത്ത ദിവസങ്ങളിൽ കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധന നടത്തിയാൽ മാത്രമേ റോഡുപണി തുടർന്നു നടത്താനും കഴിയുകയുള്ളൂ.
സംഭവമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിച്ചേർന്നത്. ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്തും പൊലീസും ഫയർഫോഴ്സും ചേർന്ന് താൽക്കാലികമായി അടച്ചു. അറബിയിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോകുന്നവർ എരുതുംകടവ് ട്രാൻസ്ഫോർമറിനു സമീപത്തുനിന്ന് തിരിഞ്ഞ് അമരവയൽ - എൽ.ജെ ആയുർവേദ ഹോസ്പിറ്റൽ റോഡിലൂടെയും വള്ളിത്തോട് ഭാഗത്തേക്ക് പോകേണ്ടവർ എരുതുംകടവ് - കൂമൻതോട് റോഡിലൂടെയും പോകേണ്ടതാണ്.
സംഭവത്തെത്തുടർന്ന് ജിയോളജി വകുപ്പും ഫയർ ആൻഡ് റെസ്ക്യൂ അധികൃതരും കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു.
സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് സംശയം
ഇരിട്ടി: റോഡ് പ്രവൃത്തിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഉളിക്കൽ-കോളിത്തട്ട് റോഡിൽ കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് സംശയം. ചിലപ്പോൾ മണ്ണിനടിയിലൂടെ ശക്തമായ വെള്ളപ്പാച്ചിലിൽ ചാലുകൾ രൂപപ്പെട്ടതാവാനും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. ഇതിനെത്തുടർന്ന്, അപകട ഭീഷണിയിലായ ഇഞ്ചകാലായിൽ ബേബി, കരിമ്പാക്കിൽ ബാബു എന്നിവരുടെ കുടുംബങ്ങളെ അധികൃതർ മാറ്റിത്താമസിപ്പിച്ചു.
പലദിശകളിലേക്കുള്ള ഗുഹയുടെ മുകൾ ഭാഗങ്ങൾ ഇടിയുന്നതായി കണ്ടെത്തി. സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് പ്രാഥമിക വിലയിരുത്തൽ നടത്തിയെങ്കിലും, കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ റോഡ് നിർമാണം ഈ മേഖലയിൽ നിർത്തിെവക്കാനും രണ്ട് വീടുകളിലും തൽക്കാലം താമസിക്കാൻ കഴിയില്ലെന്നും സംഘം വിലയിരുത്തി.
പരിശോധന റിപ്പോർട്ട് കലക്ടർക്ക് നൽകിയ ശേഷം തുടർ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, ജിയോളജിസ്റ്റ് ദിവാകരൻ വിഷ്ണുമംഗലം, ദേശീയപാത അസി.എൻജിനീയർ പി.എം. റഫീഖ്, അസി.എക്സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.