ഇരിട്ടി: ആഴ്ചകളായി അയ്യൻകുന്ന് പഞ്ചായത്തിനെ മുൾമുനയിൽ നിർത്തി വീണ്ടും പുലിയുടെ സാന്നിധ്യം. തുടർച്ചയായ ദിവസങ്ങളിലാണ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കാണുന്നത്. വ്യാഴാഴ്ച വെളുപ്പിന് അഞ്ചുമണിയോടെ ആനപ്പന്തി പനക്കരയിലെ റബർ ടാപ്പിങ് തൊഴിലാളിയായ ഉറുമ്പിൽ ബെന്നി പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചു.
ആലപ്പാട്ട് ടൈറ്റസിന്റെ തോട്ടത്തിൽ ടാപ്പിങ് ചെയ്യുമ്പോൾ ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന കണ്ണ് കണ്ടതോടെ സംശയം തോന്നി ശ്രദ്ധിച്ചപ്പോഴാണ് പുലിയാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. അൽപനേരം അനങ്ങാതെ നിന്നശേഷം സമീപത്തെ തോട്ടത്തിലേക്ക് നടന്നുപോയ പുലിയെ വ്യക്തമായി കണ്ടതായി ബെന്നി പറയുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശം കണ്ടതോടെ പുലി അടുത്ത തോട്ടത്തിലേക്ക് കയറിപ്പോയതായും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വാർഡ് അംഗം സജി മച്ചിത്താന്നി, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കാൽപാടുകൾ ഒന്നും കണ്ടെത്താൻ കഴിയാത്ത സഹചര്യത്തിൽ വന്യമൃഗം ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. പാലത്തിൻ കടവിലും വാണിയപ്പാറ തട്ടിലും വാണിയപ്പാറ അട്ടോലി മലയിലും വാണിയപ്പാറയിൽ തന്നെ കളിതട്ടും പാറയിലും പുലിയെ കണ്ടിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ടാപ്പിങ്ങിന് എത്തുന്ന തൊഴിലാളികൾ തോട്ടത്തിൽ ഇറങ്ങുന്നതിന് മുമ്പുതന്നെ ചുറ്റുപാടുകൾ നിരീക്ഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.