ഇരിട്ടി: മാക്കൂട്ടം ചുരംപാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല. ബുധനാഴ്ച മുതൽ ആർ.ടി.പി.സി.ആർ നിബന്ധന പിൻവലിക്കുമെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തിവിടുമെന്നുമുള്ള പ്രചാരണം അസ്ഥാനത്തായി. നിയന്ത്രണം നീക്കിയതായി വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യയുടെ ഓഫിസ് അറിയിച്ചതായുള്ള പ്രചാരണവും ശക്തമായിരുന്നു. എന്നാൽ, ഇളവ് നൽകിയുള്ള ഉത്തരവ് കുടക് ജില്ല ഭരണകൂടം പുറത്തിറക്കിയില്ല. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിൽനിന്നും ഉയരുന്ന ജനരോഷവും ചീഫ് സെക്രട്ടറി തലത്തിലുണ്ടായ ഇടപെടലും കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പൂർണമായും നീക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
നിയന്ത്രണങ്ങൾ നീങ്ങിയതായുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ വിശ്വസിച്ച് ഏറെ പേർ ബുധനാഴ്ച ആർ.ടി.പി.സി.ആർ ഇല്ലാതെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തിയെങ്കിലും അധികൃതർ അനുമതി നൽകാത്തതിനെ തുടർന്ന് മടങ്ങിപ്പോകേണ്ടിവന്നു. കോവിഡിെൻറ രണ്ടാം വ്യാപനത്തെ തുടർന്ന് നാലു മാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് രാജ്യം മുഴുവൻ നിയന്ത്രണമില്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവ് നിലനിൽക്കെയാണ് നാലു മാസമായി ചുരംപാതയിലെ നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനം.
കഴിഞ്ഞാഴ്ച ചുരം പാത വഴി ഇരുസംസ്ഥാനങ്ങളിലേയും ആർ.ടി.സി ബസുകൾക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. എങ്കിലും, സ്വകാര്യ ബസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കുടക് ജില്ലയിൽ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന നിബസന ഉള്ളതിനാൽ കേരള ആർ.ടി.സിയുടെ രണ്ട് ബസും കർണാടക ആർ.ടി.സിയുടെ ഒരു ബസുമാണ് ഇപ്പോൾ ചുരം പാത വഴി ഓടുന്നത്. സ്വകാര്യ ബസുകളും ടൂറിസ്റ്റ് ബസുകളുമടക്കം 40ഓളം സർവിസുകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. പൊതുഗതാഗതം പൂർവസ്ഥിതിയിലാകാഞ്ഞതുമൂലം സ്ഥിരം യാത്രക്കാരും വിദ്യാർഥികളുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾ ഏഴ് ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മാക്കൂട്ടം ചെക്പോസ്റ്റിൽ ബാരിക്കേഡ് സ്ഥാപിച്ച് യാത്രക്കാരേയും വാഹനങ്ങളും പരിശോധിക്കുന്നതിനായി ആരോഗ്യപ്രവർത്തകർക്കൊപ്പം നാലു പൊലീസുകാരേയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.