ഇരിട്ടി: മാക്കൂട്ടം ചുരം പാതവഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുടക് ജില്ല ഭരണകൂടം നവംബർ 15വരെ നീട്ടി. ഒക്ടോബർ 30വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം തന്നെ പിൻവലിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേക്കുകൂടി നീട്ടിക്കൊണ്ട് കുടക് അസി. കമീഷണർ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ഇന്ത്യ മുഴുവൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കേളത്തിൽനിന്ന് കുടക് ജില്ലയിൽ എത്തുന്നവർക്കുള്ള നിയന്ത്രണം തുടരാനുള്ള തീരുമാനം. കേരളത്തിൽ ടി.പി.ആർ നിരക്ക് കുറഞ്ഞു വരുന്നതിനിടയിലാണ് കുടക് ഭരണ കൂടത്തിെൻറ നടപടി.
മാക്കൂട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾ ഏഴ് ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ നിയന്ത്രണത്തിൽ ബുദ്ധിമുട്ടി. പത്തോളം ജീവനക്കാരെയാണ് അതിർത്തിയിൽ പരിശോധനക്ക് നിർത്തിയിരിക്കുന്നത്. കർണാടകത്തിൽനിന്ന് മാക്കൂട്ടം ചുരം പാതവഴി കേരളത്തിലേക്കുള്ളതും കേരളത്തിൽനിന്ന് കുടക് വഴി കർണാടകത്തിലേക്കുമുള്ള എല്ലാ ബസും സർവിസ് നടത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.