ഇരിട്ടി: കൂട്ടംചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പടിയൂർ പഞ്ചായത്തിലെ മാങ്കുഴി പാലയോട് കോളണിയിലെ മഹേഷ് (37 ) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം.
മഹേഷിൻെറ അനുജൻ അടക്കം മദ്യപ സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഇരിക്കൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇവർ താമസിക്കുന്ന കോളനിയിൽനിന്നും ഒരു കിലോമീറ്ററോളം അകലെ ചവിട്ടുപാറയിൽ വെച്ചായിരുന്നു മഹേഷിന് വെട്ടേറ്റത്. ഇവിടം മദ്യപന്മാരുടെ കേന്ദ്രമായാണ് അറിയുന്നത്.
സംഘമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ വെട്ടേൽക്കുകയായിരുന്നു. വെട്ടേറ്റ് മൂന്ന് മണിക്കൂറുകളോളം കിടന്ന മഹേഷിനെ വാർഡ് അംഗം സിബി കാവനാലും ഇരിക്കൂർ എസ്.ഐയും ചേർന്ന് വാഹന സൗകര്യമുള്ളിടത്ത് എത്തിച്ചു. ഇവിടെനിന്നും ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു.
മദ്യപ സംഘത്തിൽ ഉണ്ടായിരുന്ന അനുജൻ വിനു മറ്റൊരു കേസിൽ പ്രതിയായി ജയിലിലായിരുന്നു. അടുത്തിടെയാണ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പാലയോട് കോളനിയിലെ ശ്രീധരൻെറയും പാറുവിൻെറയും മകനാണ് മരിച്ച മഹേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.