ഇരിട്ടി: പഴശ്ശി പദ്ധതിയുടെ പുനർജനി സാധ്യമാകുന്നതിന് 15 കോടി ബജറ്റിൽ വകയിരുത്തി. പദ്ധതിയുടെ കനാലുകൾ മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളം സംരക്ഷിക്കുന്നതിനുമാണ് പണം അനുവദിച്ചത്. പദ്ധതിയിൽനിന്ന് മെയിൻ കനാൽ വഴി കഴിഞ്ഞ ദിവസം 42.5 കിലോമീറ്റർ വെള്ളം എത്തിച്ച് പഴശ്ശി അതിന്റെ കരുത്ത് തെളിയിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം മെയിൻ കനാലിലൂടെ വെള്ളം ഒഴുക്കിയപ്പോൾ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും മെയിൻ കനാലിൽനിന്ന് കൈക്കനാലുകളിലൂടെ വെള്ളം എത്തിച്ച് 569 ഹെക്ടർ പാടശേഖരങ്ങളിൽ കൃഷി സാധ്യമാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. മയ്യിൽ, കൊളച്ചേരി, കുറ്റിയാട്ടൂർ, നണിയൂർ, മാണിയൂർ മേഖലകളിലെ പാടശേഖരങ്ങളിലേക്ക് അടുത്തവർഷം ആദ്യം വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന.
ഉപകനാലുകളായ മാഹി ബ്രാഞ്ച് കനാലിൽ ഏഴ് കിലോമീറ്റർ കൂടി നവീകരണം സാധ്യമാകും. എടക്കാട് ബ്രാഞ്ച് കനാലിന്റെ 12 കിലോമീറ്ററും അഴീക്കൽ ബ്രാഞ്ച് കനാലിന്റെ 18 കിലോമീറ്ററും കാട്ടാമ്പള്ളി ബ്രാഞ്ച് കനാലിന്റെ 7.8 കിലോമീറ്ററും യാഥാർഥ്യമാക്കുന്നതിന് പരിഗണന കരുത്താകും. അടുത്ത വർഷം ഡിസംബറോടെ പദ്ധതിയുടെ മുഴുവൻ കനാലുകളും ഉപകനാലുകളും യാഥാർഥ്യമാക്കി വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന കനാലുകളും ഉപകനാലുകളും കൈക്കാനുകളുമായി 404 കിലോമീറ്റർ കനാൽ ശ്യംഖല ഉൾപ്പെട്ടതാണ് പദ്ധതി. ഇത്രയും കിലോമീറ്റർ വെള്ളം ഒഴുകുന്നതിലൂടെ മേഖലയിലെ കൃഷി ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു.
27 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും കണ്ണൂർ കോർപറേഷന്റെ ചില ഭാഗങ്ങളിലും പഴശ്ശിയിൽനിന്നുള്ള വെള്ളം എത്തുന്നുണ്ട്. കനാൽ കടന്നുപോകുന്ന ഭാഗങ്ങളിലും കൃഷിയിടങ്ങളിലെയും കിണറുകൾ റീച്ചാർച്ച് ചെയ്യപ്പെടുകയും ഭൂഗർഭ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനും ഇതിലൂടെ സാധ്യമാകും.
ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിന് തടസ്സമാകുന്നത്. അതിനുള്ള നിർദേശങ്ങളും പ്രതിവിധിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജലസേചന വിഭാഗം അധികൃതർ.
പയ്യന്നൂർ: മണ്ഡലത്തിലെ എട്ടു പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. എ. കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം 2.5 കോടി, ചെറുപുഴ പഞ്ചായത്ത് മൾട്ടി പർപ്പസ് സ്റ്റേഡിയം രണ്ടു കോടി, ഏറ്റുകുടുക്ക ആലപ്പടമ്പ് -കണ്ണങ്കാട്ട് റോഡിൽ കണ്ണങ്കാട്ടിന് താഴെ വി.സി.ബി കം ബ്രിഡ്ജ് ഒരു കോടി, പോത്താംകണ്ടം സ്കൂൾ പാലം രണ്ടു കോടി, പെരുവാമ്പ ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണം ഒരു കോടി, കുണിയൻ ഉപ്പ് വെള്ള പ്രതിരോധ ബണ്ട് നിർമാണം 75 ലക്ഷം, ഗവ. യു.പി. സ്കൂൾ കക്കറ പുതിയ കെട്ടിടം ഒരു കോടി, പയ്യന്നൂർ ഫിഷറീസ് കോളജ് ഒരു കോടി എന്നീ പദ്ധതികളാണ് ബജറ്റിൽ ഇടംകണ്ടത്.
പഴയങ്ങാടി: കല്യാശേരി മണ്ഡലത്തിൽ 62.37 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി എം. വിജിൻ എം.എൽ.എ. ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സ്റ്റേഡിയം നിർമാണം, മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ അധീനതയിലുള്ള പാളയം ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമിക്കാനും 1.50 കോടി രൂപ വീതം ഓരോ വകയിരുത്തി.
ഗ്രാമീണ റോഡ് നവീകരണത്തിന് രണ്ട് കോടി രൂപയുടെ അനുമതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കല്യാശ്ശേരി പഞ്ചായത്തിലെ കെ.വി. മന്ദിരം സിറാമിക് റോഡ്, ചെറുകുന്ന് പഞ്ചായത്തിലെ വെള്ളറങ്ങൽ നാലൊന്നിൽ റോഡ്, ഏഴോം പഞ്ചായത്തിലെ അടിപ്പാലം- ഓണപ്പറമ്പ -ചുടലമുക്ക് റോഡ് എന്നീ റോഡുകൾക്ക് രണ്ട് കോടി രൂപ വകയിരുത്തി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരിൽ കല്യാശ്ശേരിയിൽ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി, മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് നാല് കോടി, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് 30.92 കോടി എന്നിവയാണ് ബജറ്റിൽ അനുവദിച്ചത്.
ബാരാപോളിന് പിന്നാലെ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണം ഉടൻ യാഥാർഥ്യമാക്കുന്നതിന് ബജറ്റിൽ പത്തു കോടി അനുവദിച്ചു. പഴശ്ശിയിൽ നിന്ന് ടണൽ വഴി വെള്ളം എത്തിച്ചാണ് 7.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുക. ഇതിനായി മൂന്ന് ടണലുകളുടെ നിർമാണം പൂർത്തീകരിച്ചു. ടണലുകളിൽ സ്റ്റീൽ ലൈനിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. കരിങ്കൽ പ്രദേശമായതിനാൽ ടണൽ നിർമാണം ദുഷ്കരമായതാണ് മറ്റ് പ്രവർത്തനങ്ങൾ വൈകിപ്പിച്ചത്. സ്ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനെതിരെ പ്രദേശവാസികളിൽനിന്ന് ഉണ്ടായ എതിർപ്പും പ്രവർത്തനങ്ങളെ ബാധിച്ചു. ഇതെല്ലാം പരിഹരിച്ചാണ് ടണലുകൾ നിർമിച്ചത്.
മഴക്കാലത്ത് പദ്ധതിയിലേക്ക് ഒഴുകിവരുന്ന വെള്ളത്തെ തടഞ്ഞുനിർത്തി ടണൽ വഴി കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 113 കോടിയാണ് നിർമാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ വൈകിയതിനാൽ ഈ വർഷം കമീഷൻ ചെയ്യാനുദ്ദേശിച്ച പദ്ധതി അടുത്ത വർഷം ഏപ്രിലിൽ നാടിന് സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി (ജനറേഷൻ) വിഭാഗം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.