ഇരിട്ടി: അയ്യൻകുന്നിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണി. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല പൊലീസ് സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. ഡി.ഐ.ജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ്.പി എം.ഹേമലത, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
നേരത്തേ വയനാട്ടിൽനിന്ന് പിടിയിലായ മാവോവാദി സംഘങ്ങളിൽ നിന്നാണ് ബാരാപോളിന് ഭീഷണിയുണ്ടെന്നകാര്യം പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെ ഉന്നതതല പൊലീസ് സംഘം മാസങ്ങൾക്ക് മുമ്പ് മേഖലയിൽ രഹസ്യ സന്ദർശനം നടത്തുകയും പദ്ധതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സംഘം പദ്ധതി പ്രദേശത്ത് വിശദമായ പരിശോധന നടത്തി. പ്രധാന പ്രവേശന കവാടം ഉൾപ്പെടെ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള മേഖലകളിലെല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 21ഓളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. പുറമെ നിന്നുള്ള സന്ദർശകരെ പൂർണമായും ഒഴിവാക്കുന്നതിന് 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോടും വനം വകുപ്പ് കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തോടും അതിരിടുന്ന പ്രദേശമാണ് ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി പ്രദേശം. ആറളം, കൊട്ടിയൂർ വനമേഖലകളിൽ കേന്ദ്രീകരിക്കുന്ന മാവോവാദികൾക്കും ചുകപ്പ് ഇടനാഴിയെന്നറിയപ്പെടുന്ന ബർണാനി വനമേഖലയിൽ നിന്നും മാവോവാദികൾക്ക് എളുപ്പത്തിൽ കേന്ദ്രീകരിക്കാൻ കഴിയുന്ന പ്രദേശം എന്ന നിലയിലും അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.
കഴിഞ്ഞ മാസം അയ്യൻകുന്ന് ഉരുപ്പുംകുറ്റി മലയിൽ മാവോവദികളും തണ്ടർബോർട്ട് സംഘവുമായി ഏറ്റുമുട്ടലുണ്ടായി എന്ന് പറയപ്പെടുന്ന പ്രദേശത്തോട് ചേർന്ന മേഖലയാണിത്. അണക്കെട്ട് സംവിധാനങ്ങളൊന്നും ഇല്ലാതെ ട്രഞ്ച് വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബാരാപോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാൽ പ്രദേശം അതീവ സുരക്ഷ വേണ്ട മേഖലയാണ്.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കണ്ണൂർ ജില്ലകളിലെ വനപ്രദേശങ്ങളിൽ വെള്ളിയാഴ്ച പൊലീസും തണ്ടർബോൾട്ടും ഹെലികോപ്ടർ നിരീക്ഷണം നടത്തി. വയനാട് ജില്ലയിലെ മക്കിമല പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ,ആറളം, അയ്യൻകുന്ന് മേഖലകളിലെ വനപ്രദേശങ്ങളിലുമാണ് ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്.
മലയോര മേഖലയിൽ മാവോവാദികളുടെ സ്ഥിരം സാന്നിധ്യം ഉണ്ടായതോടെയാണ് പൊലീസും ആന്റി നക്സൽ സ്ക്വാഡും ശക്തമായ പരിശോധന നടത്തുന്നതിനിടെ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പും കുറ്റി ഞെട്ടിതോട് വനമേഖലയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായ സാഹചര്യത്തിൽ ഈ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണിയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന. മാവോവാദി ഭീഷണി നേരിടുന്ന ഈ മേഖലകളിൽ തുടർ ദിവസങ്ങളിലും നിരീക്ഷണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.