ഇരിട്ടി: മൂന്നു വര്‍ഷം മുമ്പ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന് സ്വദേശി വിനോദിന് കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്കാന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ നിര്‍ദേശം. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് തീരുമാനം.
വയറിങ് ജോലി ചെയ്താണ് വിനോദ് ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. വിനോദ് ജോലി കഴിഞ്ഞുവരുന്ന വഴി പുലർച്ച വീടിനു സമീപത്തുനിന്ന് ആനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എട്ടു ദിവസം ഐ.സി.യുവില്‍ ഉള്‍പ്പെടെ 38 ദിവസം കിടക്കേണ്ടി വന്നു. കാലിനും വാരിയെല്ലിനും പരിക്കേറ്റ ഇദ്ദേഹത്തിന് ചികിത്സക്ക് മാത്രമായി ഇതുവരെ 16 ലക്ഷം രൂപ ചെലവായി. 1.10 ലക്ഷം രൂപയാണ് ആദ്യ തവണ സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം ലഭിച്ചത്. കാലിനും നട്ടെല്ലിനും പരിക്കേറ്റതു കാരണം തൊഴിലും ചെയ്യാന്‍ പറ്റാതായി.
മംഗലാപുരത്തു ചികിത്സ തുടര്‍ന്നു വരുകയാണ്. ഇതിനായി മാസം രണ്ടായിരം രൂപയോളം ചെലവുണ്ട്. ആറു ലക്ഷം രൂപയോളം ബാങ്ക് ലോണും ഉണ്ട്. മുമ്പും നിരവധി തവണ പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈയൊരു ഘട്ടത്തിലാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരാതി നല്‍കിയത്. വിനോദിെൻറ പരാതി പരിഗണിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്കാന് നിർദേശം നല്‍കുകയായിരുന്നു. ജില്ല വനം വകുപ്പ് ഓഫിസര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.
ഇരിട്ടി: പോളിയോ ബാധിതനായ കെ.വി. സന്തോഷിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുച്ചക്ര വാഹനം നല്കാന് നിർദേശം നല്കി. ഇരിട്ടി താലൂക്കില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് തീരുമാനം. രണ്ടാം വയസ്സിലാണ് കെ.വി. സന്തോഷ് പോളിയോ ബാധിതനാവുന്നത്. ഏഴു വര്‍ഷം മുമ്പ് പഞ്ചായത്തില്‍നിന്നും മുച്ചക്ര വാഹനം ഇദ്ദേഹത്തിന് നല്‍കിയിരുന്നു.
കൂലിപ്പണിക്കാരനായ ഇദ്ദേഹം ജോലിക്കാവശ്യമായ സാധനങ്ങള്‍ എല്ലാം തെൻറ വാഹനത്തിലാണ് കൊണ്ടുപോയിരുന്നത്. എന്നാല്‍, എൻജിന് തകരാറുമൂലം വാഹനം ഉപയോഗിക്കാന്‍ കഴിയാതായി. തുടര്‍ന്നാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടന്‍ തന്നെ വാഹനം ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹിക നീതി വകുപ്പിനോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.