ഇരിട്ടി: വയലുകളുള്ളവരുടെ വീട്ടിലെത്തി തൊഴിൽ അന്വേഷിക്കുന്നവരുടെ കാലം പഴങ്കഥയായതോടെ കതിരണിഞ്ഞ പാടങ്ങൾ കൊയ്തെടുക്കാൻ ആളില്ലാതായി. മലയോരത്ത് കൊയ്ത്തിന് ആളെ കിട്ടാതെ കഷ്ടപ്പെടുകയാണ് കർഷകർ.
തൊഴിലുറപ്പ് പ്രവൃത്തി തുടങ്ങിയതോടെയാണ് ദുരവസ്ഥയെന്ന് നെൽകൃഷിക്കാർ പറയുന്നു. ഞാറ് നടീൽ സമയത്തും കൊയ്ത്തു സമയത്തും ഇതുതന്നെയാണ് സ്ഥിതി. തൊഴിലാളിക്ഷാമം കാരണം രണ്ട് വിള ഇറക്കിയ പാടത്ത് ഇപ്പോൾ ഒറ്റ വിള മാത്രം ഇറക്കുന്ന കർഷകരും ഏറെയാണ്. മൂത്ത കതിരുകൾ കൊഴിയാൻ തുടങ്ങിയതോടെ ഭൂരിഭാഗം കർഷകരും പ്രതിസന്ധിയിലായി. നാട്ടിൽ ആളെ കിട്ടാത്തതിനാൽ വാഹനത്തിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിച്ച് കൊയ്ത്ത് നടത്തിയവരും ഏറെയാണ്.
മലയോര മേഖലയിലെ മിക്ക പാടശേഖരങ്ങളിലെയും സ്ഥിതി ഇതാണ്. ഇരിട്ടി, ആറളം, പായം, മുഴക്കുന്ന്, തില്ലങ്കേരി, പടിയൂർ പഞ്ചായത്തുകളിലെ ചെറുകിട കർഷകർ അനുഭവിക്കുന്ന ദുരിതമേറെയാണ്. തൊഴിലുറപ്പ് തൊഴിലിന് ആളുകളെ ഏറെ കിട്ടുന്ന നാട്ടിലാണ് കൊയ്യാൻ ആളില്ലാതെ നെൽകൃഷിക്കാർ ദുരിതം പേറുന്നത്.
തൊഴിലാളികളെ കിട്ടാത്തതിനാൽ ചിലർ വയൽ തരിശിട്ടപ്പോൾ മറ്റു ചിലർ വാഴയും കപ്പയും നട്ട് നെല്ലിനെ ഒഴിവാക്കി. നെൽകൃഷി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ചുരുക്കം ചിലരാണ് ഇപ്പോഴും അവശേഷിക്കുന്നത്. പാടശേഖരത്തിന്റെ വിസ്തൃതി കുറവായതിനാൽ കൊയ്ത്തുയന്ത്രം കൊണ്ടുവരാനും സാധിക്കുന്നില്ല. കൊയ്ത്തുസമയത്ത് തൊഴിലുറപ്പ് പ്രവൃത്തി തുടങ്ങുന്നതാണ് തൊഴിലാളികളെ പാടത്തുനിന്നും അകറ്റുന്നത്. നേരത്തെ, കൊയ്ത നെല്ലിന്റെ ആനുപാതികമായി നെല്ലായിരുന്നു കൂലിയായി നൽകിയിരുന്നത്. ഇപ്പോൾ കൂലി പണമായി നൽകിയിട്ടും ആരും വരുന്നില്ല. തൊഴിലുറപ്പിൽ നിലമൊരുക്കാൻ മാത്രമാണ് തൊഴിലുറപ്പിലൂടെ തൊഴിലാളികളുടെ സേവനം ലഭ്യമാകുന്നുള്ളൂ. നടീൽ കാലത്തും കൊയ്ത്തുകാലത്തും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നില്ല. നടീലും കൊയ്ത്തും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
എന്നാൽ, ഇരിട്ടി നഗരസഭയിലെ കീഴൂർ പാടശേഖരത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ വിശ്രമ സമയം നെൽ കർഷകർക്കായി മാറ്റിവെച്ച് മാതൃകയായി. നഗരസഭ ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒഴിവുദിനങ്ങളിൽ കതിർ കൊയ്തത്. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതയുടെ അഭ്യർഥന മാനിച്ച് തൊഴിലാളികൾ തൊഴിലുറപ്പിന് ഇറങ്ങും മുമ്പ് അതിരാവിലെ എത്തിയാണ് കൊയ്തിട്ടത്.
ഇത് കർഷകർക്ക് ആശ്വാസമായി. നഗരസഭയിലെ വള്ള്യാട് മേഖലയിൽ ഹെക്ടറുകളോളം വരുന്ന സ്ഥലത്തെ കൃഷി കൊയ്യാൻ ആളെ കിട്ടാതെ പ്രതിസന്ധിയിലാണ്. നെൽകർഷകരുടെ പ്രതിസന്ധി മനസ്സിലാക്കിയ ചെയർപേഴ്സൻ വാർഡിലെ 17ഓളം വരുന്ന തൊഴിലാളികളോട് തൊഴിലുറപ്പിനെ ബാധിക്കാത്തവിധം കർഷകരെ സഹായിക്കാമോയെന്ന അഭ്യർഥന നടത്തിയതാണ് ഗുണമായത്.
നെൽകൃഷി മെച്ചപ്പെടുത്താൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്ന് മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഒരുവർഷം മുമ്പ് കർഷകർക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. തൊഴിലാളി ക്ഷാമം കാരണം നെൽകർഷകർ അനുഭവിക്കുന്ന പ്രയാസം ചൂണ്ടിക്കാട്ടിയ പരാതിയിൽ രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാൽ, വിതക്കുന്നതിനും കൊയ്യുന്നതിനും തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിക്ക് അനുമതിയില്ലെന്നാണ് മലയോരത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്.
തരിശുഭൂമിയെ കൃഷിയോഗ്യമാക്കാൻ കോടികളുടെ സബ്സിഡിയും മറ്റ് ആനുകൂല്യവും നൽകുന്ന കൃഷിവകുപ്പ് നെൽകർഷകരുടെ രോദനം മാത്രം കാണാതെ പോവുകയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.