ഇരിട്ടി (കണ്ണൂർ): മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂനിറ്റിെൻറ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. യൂനിറ്റിെൻറ പ്രവർത്തനത്തിന് ആവശ്യമായ വരുമാനം കണ്ടെത്താൻ കഴിയാത്തതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. പ്രവർത്തനം തുടങ്ങി ഒരു വർഷം മാത്രമേ പിന്നിട്ടിട്ടുള്ളൂവെങ്കിലും 4500 ഡയാലിസിസ് സൗജന്യമായി നടത്തിയാണ് യൂനിറ്റ് കിഡ്നി രോഗികൾക്ക് വൻ കൈത്താങ്ങായി മാറിയത്.
പത്ത് കിടക്കളോടുകൂടി പ്രവർത്തനം ആരംഭിച്ച യൂനിറ്റിൽ ഇപ്പോൾ 25 രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമുണ്ട്. സാമ്പത്തികമായി ഒരു നിവൃത്തിയും ഇല്ലാത്ത നൂറുകണക്കിന് വൃക്കരോഗികളുടെ അപേക്ഷകളാണ് അവസരം കാത്തുകഴിയുന്നത്. ലഭിച്ച അപേക്ഷകളിൽ മുൻഗണനക്രമം അനുസരിച്ച് തീർത്തും പാവപ്പെട്ട രോഗികൾക്കാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്.
ഒരു മാസം യൂനിറ്റിെൻറ നടത്തിപ്പിന് നാലുലക്ഷത്തോളം രൂപ വേണം.കഴിഞ്ഞ കുറേ മാസമായി കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക സമാഹരണം നടത്താൻ സാധിക്കാഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റൻറ്, ക്ലീനിങ് ജീവനക്കാർ, ഡാറ്റ എൻട്രി ജീവനക്കാർ, റിസപ്ഷനിസ്റ്റ് തുടങ്ങി എട്ട് ജീവനക്കാരാണ് യൂനിറ്റിലുള്ളത്.
ഇതിൽ മൂന്നുപേരെ നഗരസഭ മുഖാന്തരവും അഞ്ചുപേരെ കനിവ് കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി മുഖേനയുമാണ് നിയമിച്ചത്. സൊസൈറ്റിയുടെ പ്രവർത്തന ഫലമായാണ് ഇതുവരെയുള്ള പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. സൊസൈറ്റി അംഗങ്ങളുടെ വരിസംഖ്യയും സംഭാവനയും ഉദാരമതികൾ സൊസൈറ്റിക്ക് നൽകുന്ന ജീവകാരുണ്യ ഫണ്ടുമായിരുന്നു ഇതുവരെയുള്ള വരുമാന മാർഗം.
ഇരിട്ടി നഗരസഭ, ഉളിക്കൽ, പടിയൂർ, പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി പേരാണ് ഡയാലിസിസിനായി അപേക്ഷിച്ചിരിക്കുന്നത്.അപേക്ഷകരിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ യൂനിറ്റ് മുഖാന്തരം ആശ്വാസം ലഭിക്കുന്നുള്ളു. കൂടുതൽ ഡയാലിസിസ് യൂനിറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായാൽ മാത്രമേ കൂടുതൽ പേർക്ക് ചികിത്സ നൽകാൻ കഴിയൂ. വരുമാനമെല്ലാം തീർന്നതോടെ യൂനിറ്റിെൻറ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
മൂന്ന് മാസമായി, സൊസൈറ്റി മുഖാന്തരം നിയമനം ലഭിച്ച അഞ്ചു ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. ഇനിയും വേതനം അനുവദിച്ചില്ലെങ്കിൽ ജീവനക്കാരുടെ ജീവിതവും ദുരിതത്തിലാവും. ആശുപത്രിയിലേക്കുള്ള ജല ലഭ്യതയിലും കുറവുവന്നതോടെ ഡയാലിസിസ് യൂനിറ്റിെൻറ പ്രവർത്തനത്തെയും ബാധിച്ചു. ജലക്ഷാമം കാരണം ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയുന്നുള്ളു. ആവശ്യമായ ജലം ലഭ്യമായാൽ മൂന്ന് ഷിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇതുവഴി ഇപ്പോൾ ചികിത്സ നൽകുന്നവരുടെ എണ്ണം 25ൽനിന്ന് 60 വരെ ഉയർത്താൻ കഴിയും.
യൂനിറ്റിെൻറ പ്രവർത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആശുപത്രി വികസന സമിതിയും സ്വന്തമായി പണം കണ്ടെത്തണമെന്നാണ് വ്യവസ്ഥ. പുതുതായി നിലവിൽ വന്ന നഗരസഭ എന്ന നിലയിലും തനത് ഫണ്ടിെൻറ അപര്യാപ്തതയും മൂലമുള്ള പ്രതിസന്ധി വലുതാണ്. കനിവ് സൊസൈറ്റി മുഖാന്തരം പൊതുജനങ്ങളിൽ നിന്നും ഉദാരമതികളിൽ നിന്നും ഇതുവരെയായി 12 ലക്ഷത്തോളം രൂപ സംഭാവനയായി ലഭിച്ചതുകൊണ്ടാണ് പിടിച്ചുനിന്നത്.
ഇതും തീർന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ സുമനസ്സുകൾ സഹകരിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയു. സഹായങ്ങൾ ജില്ല സഹകരണ ബാങ്കിെൻറ ഇരിട്ടി ശാഖയിലെ 1004007000006 എന്ന അക്കൗണ്ടിലേക്ക് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.