ഇരിട്ടി: ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതോടെ ഇരിട്ടി പാലത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രൂപംകൊണ്ട ഗതാഗത സ്തംഭനം മണിക്കൂറുകളോളം നീണ്ടു. ഇരുചക്ര വാഹനങ്ങൾക്കുപോലും പ്രവേശിക്കാൻ കഴിയാത്തവിധം മൂന്ന് ഭാഗത്തു നിന്നും പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിച്ചതോടെ ഉണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാലുമണിക്കൂറെടുത്തു. പാലത്തിലേക്ക് ഒരേസമയം രണ്ട് വലിയ വാഹനങ്ങൾ കയറുമ്പോഴാണ് ഗതാഗതസ്തംഭനം ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാൻ പാലത്തിന് ഇരുവശങ്ങളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും നിലവിലെ കുരുക്കിന് പരിഹാരമാകുന്നില്ല.
പാലത്തിെൻറ തകർച്ചഭീഷണി കണക്കിലെടുത്ത് 40 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ജബ്ബാർകടവ് പാലം വഴി തിരിച്ചുവിടണമെന്നായിരുന്നു വ്യവസ്ഥ.എന്നാൽ, ഭാരം കയറ്റിയ വലിയ വാഹനങ്ങളെല്ലാം ഇരിട്ടി പാലം വഴി പോകുന്ന അവസ്ഥയാണ്. കോവിഡ് കാലം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ ഗതാഗത സ്തംഭനം ഉണ്ടാകുന്നത്. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ പാലം വഴി കടക്കുന്നത് നിരോധിക്കാൻ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.