ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ കെ.എസ്.ടി.പി റോഡിലൂടെയുള്ള യാത്ര അപകടഭീതിയുണർത്തുന്നു. ആവശ്യത്തിൽ കൂടുതൽ വീതിയും സിഗ്നൽ ലൈറ്റും മുന്നറിയിപ്പ് ബോർഡുകളുമെല്ലാം ഉണ്ടായിട്ടും അപകടങ്ങൾ തുടർക്കഥയായി.
ഒരുമാസത്തിനുള്ളിൽ 10ഓളം അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്. ഇതിൽ ഒരാൾക്ക് ജീവനും നഷ്ടമായി. നിരവധിപേർ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച ഉളിയിൽ ടൗണിൽ യാത്രക്കാർക്ക് ചായ കുടിക്കാൻ നിർത്തിയ ബസിൽ നിന്നും ഇറങ്ങി റോഡരികിൽ കൈയിലെ കുപ്പിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതിനിടയിലാണ് കർണാടക ആർ.ടി.സി ബസിലെ കണ്ടക്ടർ പ്രകാശ് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് മരിച്ചത്. ഇതിന് രണ്ടുദിവസം മുമ്പ് ഉളിയിൽ തന്നെ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
കയറ്റവും വളവും കുറച്ച് റോഡ് വീതി കൂട്ടി നവീകരിച്ചത് അടുത്തിടെയാണ്. വാഹനങ്ങളുടെ അമിതവേഗത മൂലം അപകടസാധ്യതയേറുമെന്ന് നേരത്തേ തന്നെ ആശങ്കയുയർന്നിരുന്നു. അപകടങ്ങൾ കൂടിയതോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പരിശോധനയും ശക്തമാക്കി.
എന്നാൽ, ഭൂരിഭാഗം അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടായതാണ്. കിലോമീറ്ററോളം നേർപാതയായതിനാൽ വാഹനങ്ങളുടെ വേഗത പ്രധാന വില്ലനാണ്. ഇതിന് പരിഹാരമായി വേഗതനിർണയ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. റോഡരിക് കൈയേറി ഇരുവശങ്ങളിലും വാഹന പാർക്കിങ്ങും അപകടം ക്ഷണിച്ചുവരുത്തുന്നു. മിക്കയിടങ്ങളിലും നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്.
എതിർദിശയിൽനിന്നും നിയന്ത്രണം വിട്ട് വാഹനങ്ങൾ വരുമ്പോൾ പലപ്പോഴും മാറിനില്ക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. നടപ്പാതയിലാണ് പല വാഹനങ്ങളും നിർത്തിയിടുന്നത്. കീഴൂർ മുതൽ മട്ടന്നൂർ വരെ റോഡിന്റെ ഇരു വശങ്ങളിലും ഇതാണ് സ്ഥിതി. ചിലയിടങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻഭാഗവും പാർക്കിങ്ങുകാരുടെയും സമീപത്തെ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.