ഇരിട്ടി: പ്രധാന തുരങ്കത്തിനുസമീപം ഉണ്ടായ മണ്ണിടിച്ചിൽ പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയുടെ സുരക്ഷയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടി തുടങ്ങി. തുരങ്കത്തെയും സംഭരണിയെയും വേർതിരിക്കുന്ന മൺതിട്ടയെ ബലപ്പെടുത്തുന്നതിന് ഇടിഞ്ഞ ഭാഗത്ത് കരിങ്കൽ കൂട്ടിയിട്ട് ഭിത്തി നിർമിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.
ഇടിഞ്ഞ ഭാഗത്തുകൂടി സംഭരണിയിലെ വെള്ളം തുരങ്കത്തിലേക്ക് കിനിഞ്ഞിറങ്ങുന്നത് മൺതിട്ടയെ കൂടുതൽ ദുർബലപ്പെടുത്തിയിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ പഴശ്ശി ജനസേചന വിഭാഗം അധികൃതർ അടിയന്തരമായി സുരക്ഷക്കുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി അധികൃതർ ഞായറാഴ്ച സ്ഥലത്ത് പരിശോധന നടത്തുകയും ഉടൻ ഭിത്തി ബലപ്പെടുത്തുന്ന നടപടി ആരംഭിക്കുകയുമായിരുന്നു.
30 മീറ്റർ നീളത്തിൽ തുരങ്കത്തെയും ജലസംഭരണിയെയും വേർതിരിക്കുന്ന മൺതിട്ടയോട് ചേർന്ന് നാലുമീറ്റർ ഉയരത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ടാണ് ഭിത്തി നിർമിക്കുന്നത്. രണ്ടുദിവസം കൊണ്ട് നിർമാണം പൂർത്തിയാകും. പഴശ്ശി സാഗർ തുരങ്കത്തിനായി പൊട്ടിച്ചുനീക്കിയ കുറ്റൻ പാറക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഷട്ടർ അടച്ചതിനാൽ റിസർവോയർ ലെവലിൽ വെള്ളം എത്തിയതോടെ ഉണ്ടായ സമ്മർദമാണ് മണ്ണിടിച്ചിലിന് കാരണമായത്. പരമാവധി സംഭരണ ശേഷിയിൽ നിർത്താതെ അധികമായെത്തുന്ന വെള്ളം ഷട്ടർ തുറന്ന് വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുകയാണിപ്പോൾ.
ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ പഴശ്ശി സാഗർ പദ്ധതിയുടെ നിർമാണം പ്രതിസന്ധിയിലാണ്. നാലുമാസമായി ഒരു നിർമാണ പ്രവൃത്തിയും നടക്കുന്നില്ല. നിർമാണം ഏറ്റെടുത്ത തമിഴ്നാട് ആസ്ഥാനമായ ആർ.എസ് ഡവലപ്പേഴ്സ് പ്രവൃത്തി ഒഴിവാക്കിയതായി കാണിച്ച് വൈദ്യുതി ബോർഡിന് കത്തുനൽകിയിട്ടുണ്ട്. പുതിയ കരാറുകാരെ കണ്ടെത്തി നിർമാണം കൈമാറാൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കും. അപ്പോഴേക്കും കാലവർഷം ആരംഭിച്ചാൽ തുരങ്കത്തിൽ വെള്ളം നിറഞ്ഞ് നിർമാണം നടത്താൻ കഴിയാത്ത സ്ഥിതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.