ഇരിട്ടി: പുന്നാടും മീത്തലെ പുന്നാടും വസിക്കുന്ന ജനങ്ങൾക്കും പരിസ്ഥിതിക്കും ആഘാതം സൃഷ്ടിക്കുംവിധം കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്കെതിരേ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. പി.വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ.കെ. ഷൈജു അധ്യക്ഷത വഹിച്ചു. പി.വി. ചന്ദ്രൻ ബോധവത്കരണ ക്ലാസെടുത്തു. കെ.വി. വേണുഗോപാൽ, സി. ചാത്തുക്കുട്ടി നായർ, കെ. പത്മനാഭൻ, കെ.കെ. സുധീഷ്, കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ക്വാറി -ക്രഷർ വിരുദ്ധ പ്രമേയം യോഗം ഒറ്റക്കെട്ടായി അംഗീകരിച്ചു. കേരളത്തിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണം പ്രകൃതിയെ വൻ തോതിൽ ചൂഷണം ചെയ്യുന്നതുകൊണ്ടാണെന്ന് പ്രമേയം വിലയിരുത്തി.
അടുത്തകാലത്തായി പുന്നാട് -മീത്തലെ പുന്നാട് പ്രദേശത്തെ സന്തുലനാവസ്ഥക്ക്വലിയ പങ്ക് വഹിച്ചിരുന്ന എഴുപത്തി അഞ്ച് മുരിക്ക് -പാട്യത്തെ മലമ്പ്രദേശങ്ങളിൽ കരിങ്കൽ ക്വാറികളും ക്രഷറും ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. ശ്രമങ്ങൾ വിജയിച്ചാൽ വൻദുരന്തങ്ങൾ സംഭവിക്കും. ജനങ്ങൾക്ക് വീടും കൃഷിയിടങ്ങളും വിട്ട് പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാകും. അന്തരീക്ഷവും കുടിവെള്ളവും മലീമസമാവും. അതിനാൽ, ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിയണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. മേഖലയിൽ ക്വാറിക്കും ക്രഷറിനും അംഗീകാരം നൽകരുതെന്ന ആവശ്യവും പ്രമേയം ഉന്നയിച്ചു.
പ്രക്ഷോഭ സമിതി ഭാരവാഹികളായി കെ. ശ്രീജിത്ത് (ചെയർ.), കെ. പത്മനാഭൻ, കെ. ലളിത (വൈസ്. ചെയർ.), കെ.കെ. സുനീഷ് (കൺ.), കെ. കോമള (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.