ഇരിട്ടി: മൂന്നുദിവസം തുടർച്ചയായി മഴപെയ്താൽ മലയോര മേഖലയായ ഉളിക്കലിലെ പല പ്രദേശങ്ങളും ഒറ്റപ്പെടും. ഇവിടെയുള്ള വീടുകളിൽ നിന്നും ജോലിസ്ഥലത്തേക്കും സ്കൂളിലേക്കും മറ്റും പോകുന്നവരെ മടക്കയാത്രയിൽ സുരക്ഷിതമായി വീടണയാൻ കഴിയുമോയെന്ന ആശങ്ക മനസ്സിനെ തെല്ലൊന്ന് അലട്ടും. അതാണ് കാലവര്‍ഷം കനക്കുന്നതോടെ ഉളിക്കൽ പ്രദേശത്തെ സ്ഥിതിവിശേഷം. മഴ കനത്താൽ ഉളിക്കല്‍ പഞ്ചായത്തിലെ മൂന്നുപാലങ്ങളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയിലാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടും കൈവരി പോലുമില്ലാത്ത പാലങ്ങളിലൂടെയുള്ള സാഹസികയാത്രയിലാണ് ഇതുവരെ മലയോരജനത.
എല്ലാ തെരഞ്ഞെടുപ്പുകാലത്തും പുതിയ പാലമെന്ന വാഗ്ദാനം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നെ തിരിഞ്ഞുനോക്കാറില്ല. നിരവധി ഉരുള്‍പ്പൊട്ടലുകളും വെള്ളപ്പൊക്കങ്ങളും തരണം ചെയ്ത പാലങ്ങളുടെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. മലവെള്ളത്തില്‍ ഒഴുകിയെത്തുന്ന കൂറ്റന്‍ മരങ്ങള്‍ പാലത്തിലിടിച്ച് തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്. കാലവർഷം കനത്തതോടെ ഉളിക്കൽ മേഖലയിൽ യാത്രാക്ലേശത്തിന്റെ തനിയാവർത്തനമാണ് മൂന്ന് പാലങ്ങളും. മണിക്കടവ് ചപ്പാത്ത്പാലം, വട്ട്യാംതോട്പാലം, വയത്തൂര്പാലം എന്നിവയാണ് മഴക്കാലം തുടങ്ങിയാല്‍ വെള്ളത്തിനടിയിലാകുന്നത്.
മണിക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറിയാല്‍ പുഴയുടെ ഗതി അറിയാതെ ഇറങ്ങുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് സാധാരണമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ജീപ് അപകടം ഇതിന് ഉദാഹരണമാണ്. ഈ അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. 33 വര്‍ഷങ്ങള്‍ക്കുമുമ്പ് ജനകീയ കൂട്ടായ്മയില്‍ ഉണ്ടാക്കിയ വട്ടിയാംതോട് പാലം തകര്‍ച്ച നേരിടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പുതിയ പാലം വേണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല. പാലം നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാല്‍, അനന്തരനടപടികള്‍ മാത്രം ഉണ്ടായില്ല. വയത്തൂര് പാലവും മഴയൊന്നുപെയ്താല്‍ അക്കരെ, ഇക്കരെ കടക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഒരേ പുഴയിലാണ് ഈ മൂന്ന് പാലങ്ങളും സ്ഥിതി ചെയ്യുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ഈ പാലങ്ങളിലൂടെയാകും പുഴയുടെ ഒഴുക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വയത്തൂർ പാലവും മാട്ടറ ചപ്പാത്ത് പാലവും വെള്ളത്തിനടിയിലായിരുന്നു.
മണിക്കടവ് ഹയര്‍ സെക്കൻഡറി സ്കൂള്‍, ഉളിക്കല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, വയത്തൂര് യു.പി സ്കൂള്‍, മറ്റു സ്കൂളുകള്‍, കോളജ്, ഓഫിസുകള്‍ എന്നിവിടങ്ങളിൽ എത്തേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ള ജനങ്ങള്‍ മഴയുടെ കനിവുകാത്ത് കഴിയുകയാണ്.പാലങ്ങൾ വെള്ളത്തിൽ മുങ്ങിയാലും യാത്ര മുടക്കാനാവില്ലല്ലോഎന്നാണ് നാട്ടുകാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.