ഇരിട്ടി: ഭാരം താങ്ങി തളർന്ന ഇരിട്ടി പഴയ പാലത്തിന്റെ പ്രൗഢി നിലനിർത്താനും സംരക്ഷിക്കാനും അറ്റകുറ്റപ്പണി തുടങ്ങി. ഇരിട്ടിയുടെ അടയാളമായും ചരിത്രശേഷിപ്പായും നിലനിൽക്കുന്ന പഴയപാലം ആരാലും ശ്രദ്ധിക്കപ്പെടാതെ തകർച്ച ഭീഷണി നേരിടുകയായിരുന്നു. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നീണ്ടകാലത്തെ മുറവിളിക്കുശേഷം യാഥാർഥ്യത്തോട് അടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ട അറ്റകുറ്റപ്പണിക്കായി 12 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അനുവദിച്ചു.
മേൽക്കൂരയിലെ തകർന്ന ഭാഗങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും പാലത്തിനിരുവശങ്ങളിലും അടിഞ്ഞുകൂടിയ ചളി നീക്കുന്നതിനും തുരുമ്പെടുത്ത ഭാഗങ്ങൾ പെയിന്റിങ് നടത്തുന്നതിനുമുള്ള പ്രവൃത്തിയാണ് ആരംഭിച്ചത്.
എറണാകുളത്തെ പത്മജ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഒരുമാസംകൊണ്ട് പെയിന്റിങ് ഒഴികെയുള്ള മറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഇതിനായി പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ യാത്രനിരോധന ബോർഡുകളും വേലിയും സ്ഥാപിച്ചു.
1933ൽ ബ്രിട്ടീഷുകാർ വ്യാപാരാവശ്യാർഥമാണ് ഇരിട്ടി പാലം നിർമിച്ചത്. കരിങ്കല്ലുകൊണ്ട് നിർമിച്ച കൂറ്റൻ തൂണുകളാൽ ഇരുകരകളെയും ബന്ധിപ്പിച്ച പാലം ബ്രിട്ടീഷുകാരുടെ സാങ്കേതികത്തികവിന്റെ പ്രതീകമായിരുന്നു. ഏത് കുത്തൊഴുക്കിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള കരിങ്കൽ തൂണുകളും എത്രഭാരവും താങ്ങാനുള്ള പാലത്തിന്റെ ശേഷിയും വിദഗ്ധരെപോലും അതിശയിപ്പിച്ചിരുന്നു. 90 വർഷത്തോടടുത്തിട്ടും കാര്യമായ ബലക്ഷയം സംഭവിച്ചിട്ടില്ല.
ഗതാഗത സംവിധാനങ്ങൾ വികസിച്ചതോടെ പഴയ പാലത്തിന്റെ വീതിക്കുറവ് ഗതാഗത സ്തംഭനത്തിന് കാരണമായതും പാലത്തിന്റെ മേൽക്കൂര വാഹനം ഇടിച്ച് നിരവധി തവണ തകരാനിടയായതും കണക്കിലെടുത്താണ് പുതിയ പാലം നിർമിച്ചത്. നാലുവർഷം കൊണ്ടാണ് പഴയ പാലത്തിന് സമീപത്തായി പുതിയ പാലം നിർമിച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന സമയത്ത് പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് കെ.എസ്.ടി.പിയും പൊതുമരാമത്ത് വകുപ്പും വാഗ്ദാനം നൽകിയിരുന്നു.
ഇരിട്ടിയിൽനിന്ന് തളിപ്പറമ്പ് ഉളിക്കൽ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും പഴയ പാലം വഴിയാണ് പോകുന്നത്. നാലു വർഷത്തിലധികമായി പഴയപാലത്തിന് പെയിന്റിങ് നടത്തിയിട്ടില്ല. പുതിയ പാലം തുറന്നിട്ട് മാസങ്ങളായിട്ടും പഴയ പാലത്തിന് പെയിന്റിങ് നടത്താഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികൾ സംയുക്തമായി പാലത്തിന് മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് ശ്രമദാനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.