ഇരിട്ടി: മാവോവാദികൾക്കായുള്ള തിരച്ചിൽ പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും ആഭിമുഖ്യത്തിൽ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ മൂന്നാം ദിനവും തുടർന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മൂന്ന് ബറ്റാലിയൻ തണ്ടർബോൾട്ട് അംഗങ്ങളാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ടൗണിലടക്കം പൊലീസ് സാന്നിധ്യം ഉണ്ടെങ്കിലും പരിശോധനയിൽ അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ രണ്ടു ദിവസമായി പരിഭ്രാന്തിയിലായിരുന്ന ജനങ്ങൾ പതിയെ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.
പൊലീസിനെ നേരിട്ട സംഘത്തിൽ എട്ടിൽ കൂടുതൽ മാവോവാദി അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സംശയം. 24ന് നടക്കാനിരുന്ന മാവോവാദികളുടെ രഹസ്യ യോഗത്തിന് വിവിധ ദളങ്ങളിൽനിന്ന് എത്തിയവരും ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട ദിനമായ നവംബർ 24ന് ഞെട്ടിത്തോട് വനമേഖലയിൽ മാവോവാദികളുടെ രഹസ്യ യോഗം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഇതനുസരിച്ച് മാവോവാദികളുടെ നീക്കം പൊലീസ് രഹസ്യമായി നീരീക്ഷിച്ചുവരുകയായിരുന്നു.
മാവോവാദികൾക്ക് നേരെ നടത്തിയ ഓപറേഷൻ അതിവ രഹസ്യമായിരുന്നു. ലോക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വിവരങ്ങളും കൈമാറാതെയായിരുന്നു ഭീകരവാദ വിരുദ്ധ സേനയുടെ നീക്കം. വെടിവെപ്പ് നടന്ന ഉരുപ്പുംകുറ്റി മേഖലയിലെ പരിശോധനക്കും നിയന്ത്രണത്തിനും ലോക്കൽ പൊലീസിനെ ഒഴിവാക്കിയായിരുന്നു സ്പെഷൽ ഓപറേഷൻ നടത്തിയത്.
ആദ്യദിവസം വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് എത്താൻ കുറഞ്ഞത് മൂന്ന് മണിക്കൂർ കാൽനടയായി യാത്ര ചെയ്യണ്ടതുണ്ട്. എന്നാൽ ചൊവ്വാഴ്ച വെടിവെപ്പ് നടന്ന സ്ഥലത്തെത്താൻ ഒരു മണിക്കൂർ യാത്ര ചെയ്താൽ മതിയെന്നാണ് ലഭിക്കുന്ന വിവരം. തണ്ടർബോൾട്ട് അംഗങ്ങൾ മടങ്ങിയെന്ന ധാരണയിൽ തിരിച്ചെത്തിയ മാവോവാദികളുമായാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്.
ബുധനാഴ്ച തിരച്ചിലിനായി വനമേഖലയിലേക്ക് പോയ സേന വൈകീട്ടോടെ കാടിറങ്ങി. തണ്ടർബോൾട്ട്, പൊലീസ് സേനയോടൊപ്പം കർണാടകയുടെ ഒരു സംഘം എ.എൻ.എഫ് സേനയും വെടിവെപ്പ് നടന്ന നെട്ടിത്തോട് വനമേഖലയിൽ എത്തിയിരുന്നു. സംഭവ സ്ഥലത്ത് ഉന്നത പോലീസ് സേനാംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘവും പരിശോധനക്കായി സംഭവ സ്ഥലത്ത് എത്തിയിരുന്നു.
മാഹി: വയനാട് പേര്യയിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം. മാവോവാദി സംഘാംഗങ്ങളായ സുന്ദരി, ലത എന്നിവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ സിറ്റി ജില്ല പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനെ തുടർന്നാണ് തിരച്ചിൽ. കണ്ണൂർ പൊലീസിന്റെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് മാഹിയിലെ ലോഡ്ജുകൾ, ബാറുകൾ, ഹോം സ്റ്റേകൾ, ഒളിച്ച് താമസിക്കാൻ സാധ്യതയുള്ള മറ്റിടങ്ങൾ എന്നിവിടങ്ങളിലാണ് അന്വേഷണം നടത്തിയത്.
തലശ്ശേരി: ഇരിട്ടി ഉരുപ്പുംകുറ്റിയിൽ പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദി സംഘത്തിലെ രണ്ട് സ്ത്രീകൾ തലശ്ശേരിയിൽ എത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ചുരിദാർ ധരിച്ച രണ്ടു മാവോവാദികൾ തലശ്ശേരി നഗരത്തിൽ ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. വെടിവെപ്പിൽ പരിക്കേറ്റെന്ന് കരുതുന്ന സ്ത്രീയാണ് രണ്ടു പേരിൽ ഒരാളെന്ന പ്രചാരണവുമുണ്ടായി. നെടുംപൊയിലിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ ഇരുവരും പുതിയ ബസ് സ്റ്റാൻഡിന് തൊട്ടു മുമ്പുള്ള എൻ.സി.സി റോഡ് കവലയിൽ ഇറങ്ങിയതായാണ് വിവരം.
ഒരു ബസ് യാത്രക്കാരനിൽ നിന്ന് ലഭിച്ച രഹസ്യ സന്ദേശത്തിലാണ് പൊലീസ് പരിശോധനക്കിറങ്ങിയത്. സംശയകരമായ സാഹചര്യത്തിൽ സമാന വസ്ത്രം ധരിച്ച സ്ത്രീകളെയെല്ലാം പൊലീസ് നിരീക്ഷിക്കുകയും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തലശ്ശേരി ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി. പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും ബസുകളിലും വ്യാപക പരിശോധനയാണ് പൊലീസ് നടത്തിയത്.
എന്നാൽ ആരെയും പിടികൂടാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.