ഇരിട്ടി: താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയലിസിസ് യൂനിറ്റ് മലയോര മേഖലയിലെ നിർധനരായ വ്യക്ക രോഗികൾക്ക് കൈത്താങ്ങായി മാറുന്നു. ഇരിട്ടി നഗരസഭയുടെ സഹായത്താൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഡയാലിസിസ് യൂനിറ്റ് നാലുവർഷം കൊണ്ട് നിർധനരായ രോഗികൾക്ക് 11867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസിസ് മെഷീനുകളിൽ ഒരുഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്.
മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഷിഫ്റ്റ് തിങ്കളാഴ്ച മുതൽ തുടങ്ങും. ഇതോടെ രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് നടത്താനാകുമെന്ന് ചെയർപേഴ്സൻ കെ. ശ്രീലത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു കോടിയോളം രൂപയാണ് പ്രതി വർഷം രണ്ട് ഷിഫ്റ്റിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
കനിവ് കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഡയാലിസീസ് യുനിറ്റ് പ്രവർത്തിപ്പിക്കുന്നത്. യൂനിറ്റിലേക്കുള്ള മരുന്നുകൾ നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും സൗജന്യമായി നൽകുമെങ്കിലും ജീവനക്കാരുടെ ശബളവും മറ്റ് ചെലവുകളും കണ്ടെത്തുന്നത് സൊസൈറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്നും സമാഹരിച്ചാണ്.
ഒരുമാസം ഒരു ഷിഫ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ നാലുലക്ഷത്തോളം രൂപ ചെലവ് വരും. രണ്ടാമതൊരു ഷിഫ്റ്റ് കൂടി പ്രവർത്തിക്കുന്നതോടെ എട്ട് ലക്ഷത്തോളം രൂപയാകും. ഒരു വർഷം ഒരു കോടിയോളം രൂപയാണ് വൈൽഫെയർ സൊസൈറ്റി കണ്ടെത്തേണ്ടത്.
ഇരിട്ടി, നഗരസഭ, പായം, ഉളിക്കൽ, പടിയൂർ, ആറളം, അയ്യൻകുന്ന്, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിൽ നിന്നായി 241പേരാണ് ഡയാലിസിസിനായി അപേക്ഷ നൽകിയിരിക്കുന്നത്. മൂന്നാമത്തെ ഷിഫ്റ്റ് കൂടി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മേഖലയിലെ അറുപതോളം പേർക്ക് ഡയാലീസിസ് ചെയ്യുന്നതിനുള്ള സൗകര്യമാകും.
ഇരിട്ടി നഗരസഭ ചെയർ പേഴ്സൻ കെ. ശ്രീലത പ്രസിഡന്റും അയ്യൂബ്ബ് പൊയിലൻ സെക്രട്ടറിയും അജയൻ പായം ഖജാൻജിയുമായ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ കുടുംബശ്രീ യൂനിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നത്.
നഗരസഭ വൈസ്.ചെയർമാൻ പി.പി ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സോയ, വാർഡ് അംഗങ്ങളായ വി. ശശി, കെ. നന്ദനൻ, വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയ്യൂബ് പൊയിലൻ, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, ഹെഡ് നേഴ്സ് എ.കെ. ഹിമ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.